SignIn
Kerala Kaumudi Online
Sunday, 27 September 2026 1.57 AM IST

സ്വർണത്തെ പണമാക്കി മലയാളി മാജിക്

gold

സംസ്ഥാനത്ത് സ്വർണപ്പണയം കുതിക്കുന്നു

കൊച്ചി: കുടുംബങ്ങളിൽ നിഷ്‌ക്രിയമായി ഇരിക്കുന്ന സ്വർണം ബാങ്കുകളിൽ പണയപ്പെടുത്തി പണം സമാഹരിക്കുന്നതിൽ കേരളം അതിവേഗം മുന്നേറുന്നു. രണ്ട് വർഷത്തിനിടെ വില കുതിച്ചതോടെ കൈവശമുള്ള സ്വർണം അതിവേഗം പണമാക്കി മാറ്റാനുളള അവസരമാണ് ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ(എസ്.എൽ.ബി.സി) കണക്കുകളനുസരിച്ച് നടപ്പുവർഷം ജൂൺ 30 വരെയുള്ള കാലയളവിൽ കേരളത്തിലെ ബാങ്കുകളുടെ സ്വർണവായ്പ ചരിത്രത്തിലാദ്യമായി 1,47,948.91 കോടി രൂപയായി. കാർഷിക സ്വർണ വായ്പകൾ ഇക്കാലയളവിൽ ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. എസ്.എൽ.ബി.സിയുടെ കണക്കുകളനുസരിച്ച് സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കാർഷിക സ്വർണ വായ്പ ജൂൺ 30ന് 1,06,726.41 കോടി രൂപയാണ്.

രണ്ട് വർഷത്തിനിടെ ബാങ്കുകൾ വിതരണം ചെയ്ത സ്വർണവായ്പയിൽ 45,294.31 കോടി രൂപയുടെ(44.1ശതമാനം) വർദ്ധനയുണ്ടായി. 2024 ജൂൺ 30ന് കേരളത്തിലെ സ്വർണവായ്പ 1,02,654.60 കോടി രൂപയായിരുന്നു കാർഷികേതര മേഖലയിലെ സ്വർണപ്പണയ വായ്പ ഇക്കാലയളവിൽ 25,428.08 കോടി രൂപയിൽ നിന്ന് 63 ശതമാനം ഉയർന്ന് 41,222.55 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ 1.48 ലക്ഷം കോടി രൂപയുടെ വായ്പ കൂടി കണക്കിലെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വിപണികളിലൊന്നാണ് കേരളം.

അതിവേഗം പണം

നടപടിക്രമങ്ങളുടെ നൂലാമാലകളില്ലാതെ അതിവേഗം വായ്പ നേടാമെന്നതാണ് സ്വർണ പണയത്തെ ജനപ്രിയമാക്കുന്നത്. നിലവിൽ സ്വർണത്തിന്റെ മൂല്യത്തിന്റെ 70 മുതൽ 80 ശതമാനം വരെ വായ്പ ധനകാര്യ സ്ഥാപനങ്ങൾ നൽകുന്നു. ജീവിതച്ചെലവുകൾക്ക് മുതൽ ആശുപത്രി ബിൽ അടക്കാൻ വരെ സ്വർണ പണയത്തെ ആശ്രയിക്കുന്നവർ ഏറെയാണ്.

സ്വർണ പണയത്തിലെ മുൻനിര ബാങ്കുകൾ

എസ്.ബി.ഐ : 28,623.32 കോടി രൂപ

കനറാ ബാങ്ക്: 25,828.92 കോടി രൂപ

ഫെഡറൽ ബാങ്ക് : 12,202.39 കോടി രൂപ

എസ്.ഐ.ബി: 7,873.63 കോടി രൂപ

ബാങ്ക് ഒഫ് ബറോഡ: 6920.41 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360