SignIn
Kerala Kaumudi Online
Monday, 19 October 2026 12.03 AM IST

'ട്വന്റി-20യിൽ സ്ഥിരത അമിതമായി വിലയിരുത്തപ്പെടുന്നു, സഞ്ജു ഫോമിലേക്ക് തിരിച്ചെത്താൻ ഒരൊറ്റ ഇന്നിംഗ്‌സ് മാത്രം മതി'

sanju-samson
സഞ്ജു സാംസൺ

ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റിൽ മലയാളി ഓപ്പ‌ണർ സഞ്ജു സാംസണിന് സ്ഥിരത കുറവാണെന്ന വിമർശനം ശക്തമാവുകയാണ്. ഇപ്പോഴിതാ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ചെതേശ്വർ പുജാര. ഒരൊറ്റ ഇന്നിംഗ്‌സ് മാത്രം മതി സഞ്ജുവിന്റെ പഴയ താളം വീണ്ടെടുക്കാനെന്നും ട്വന്റി-20യിൽ താരങ്ങളുടെ പ്രകടനങ്ങളിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണെന്നും പുജാര പറഞ്ഞു. ജിയോ ഹോട്സ്റ്റാറിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻനിര ബാറ്റർമാരുടെ പ്രകടനത്തിൽ സ്ഥിരതയ്‌ക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്നും പുജാര അഭിപ്രായപ്പെട്ടു. 'സഞ്ജു ഒരിക്കലും ഫോമിന് പുറത്തല്ല. ട്വന്റി-20യിൽ അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. എന്നാൽ ഒരു മികച്ച ഇന്നിംഗ്സ് മതി ഫോമിലേക്ക് തിരിച്ചെത്താൻ. അതിനാൽ ഒരു താരം ഫോമിലല്ലെന്ന് പെട്ടെന്ന് വിലയിരുത്താനാകില്ല. ട്വന്റി-20യിൽ പരാജയങ്ങൾ ഉണ്ടാകും. ഈ ഫോർമാറ്റിൽ ആരാണ് പുറത്താകാത്തത്? സ്ഥിരത ആവശ്യമാണെങ്കിലും മുൻനിര ബാറ്റർമാരുടെ കാര്യത്തിൽ അതിന് അമിത പ്രാധാന്യം നൽകുന്നുണ്ട് ' — പൂജാര പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിൽ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനായിരുന്നു സഞ്ജു. രണ്ട് അർദ്ധസെഞ്ച്വറികളടക്കം 168 റൺസാണ് താരം നേടിയത്. അതേസമയം ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ട്വന്റി-20 പരമ്പരയിൽ സഞ്ജുവും കൗമാര താരം വൈഭവ് സൂര്യവംശിയും ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഒരുമിച്ച് ഇടംപിടിക്കാനുള്ള സാദ്ധ്യത കുറവാണെന്നും പൂജാര വിലയിരുത്തി. ന്യൂസിലൻഡിലെ സാഹചര്യങ്ങളിൽ കൂടുതൽ ഓൾറൗണ്ടർമാരെ ടീമിൽ ഉൾപ്പെടുത്തേണ്ടിവരുന്നത് സ്‌പെഷ്യലിസ്റ്റ് ബാറ്റർമാരുടെ അവസരം പരിമിതപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വൈഭവിന് പരമ്പരയിൽ അവസരം ലഭിക്കില്ലെന്ന് പറയാനാകില്ലെന്നും പുജാര കൂട്ടിച്ചേർത്തു.

English Summary

Former Indian cricketer Cheteshwar Pujara defended Sanju Samson amidst T20 inconsistency criticism, stating that form fluctuations are natural and one good innings can turn things around. Pujara also suggested Samson and Vaibhav Suryavanshi may have limited chances in the upcoming New Zealand T20 series, citing the team's need for more all-rounders.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJUSAMSON, CHETESHWAR PUJARA, LATESTNEWS, BATTING CONSISTENCY, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360