SignIn
Kerala Kaumudi Online
Sunday, 18 October 2026 9.41 PM IST

'പാറ്റകളുള്ളിടത്ത് ഹിറ്റ് ഉണ്ടാകും',​ സിജെപിക്കെതിരെ അണിനിരക്കാൻ 'ലാൽ ഹിറ്റ് ജനതാ പാർട്ടി'

abhijeeth-dipke-bhadnagar
അഭിജീത് ദിപ്‌കെ,​ അയൻ ഭട്നാഗർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ അണിനിരക്കാൻ 'ലാൽ ഹിറ്റ് ജനതാ പാർട്ടി' രംഗത്ത്. ഇന്ന് ഡൽഹിയിലെ മാളവ്യ സ്മൃതി ഭവനിൽ സംഘടനയുടെ ആദ്യ അംഗത്വസമ്മേളനം നടന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രൂക്ഷവിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്.

ലാൽ ഹിറ്റ് ജനതാ പാർട്ടി മേധാവി അയൻ ഭട്നാഗറിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം. സംഘടനയുടെ ഭാവി പരിപാടികൾ ആവിഷ്‌കരിക്കാനും കുറഞ്ഞ സമയപരിധിക്കുള്ളിൽ വലിയൊരു ജനക്കൂട്ടത്തെ സംഘടിപ്പിക്കാനുള്ള ശേഷി തെളിയിക്കാനുമാണ് സമ്മേളനം നടത്തിയതെന്ന് ഭട്നാഗർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അണിനിരക്കാൻ ആഹ്വാനം ചെയ്താൽ എത്രപേർ എത്തുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

ജനാധിപത്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാൽ ഹിറ്റ് ജനതാ പാർട്ടി രൂപീകരിച്ചതെന്ന് ഭട്നാഗർ പറഞ്ഞു. പൊലീസിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസിനുമെതിരേ ജനങ്ങളിൽ അവിശ്വാസം വളർത്തുകയാണ് കോക്ക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു.

ബിജെപി സർക്കാരിനെ താഴെയിറക്കി സ്വന്തം സർക്കാർ രൂപീകരിക്കുകയാണ് പ്രതിഷേധക്കാർക്ക് പിന്തുണ നൽകുന്ന കോൺഗ്രസിന്റെയും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെയും (എ.ഐ.എസ്.എ) ലക്ഷ്യമെന്നും ഭട്നാഗർ അവകാശപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യത്തെ സാമൂഹികാന്തരീക്ഷവും വ്യാപാരമേഖലയും തകർക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാനഡയിലും യു.എ.ഇയിലും താമസിക്കുന്നവരിൽനിന്ന് സംഘടനയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഭട്‌നാഗർ പറഞ്ഞു. ദേശീയവാദ ആശയങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നിക്കണമെന്നും സമൂഹമാദ്ധ്യമങ്ങളിൽനിന്ന് പുറത്തുവന്ന് തെരുവുകളിലിറങ്ങി പ്രവർത്തിക്കണമെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു.

പ്രക്ഷോഭത്തെത്തുടർന്ന് വ്യാപാരമേഖലയ്ക്ക് 3,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇത് 10,000 കോടി രൂപയായി ഉയർന്നേക്കാമെന്നും സമ്മേളനത്തിൽ പങ്കെടുത്ത പവൻ എന്ന മാദ്ധ്യമപ്രവർത്തകൻ അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി ലാൽ ഹിറ്റ് ജനതാ പാർട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. "പാറ്റകളുള്ളിടത്ത് ഹിറ്റ് ഉണ്ടാകും," എന്നായിരുന്നു പവന്റെ പരാമർശം. പാറ്റകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന കീടനാശിനി ബ്രാൻഡിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഈ വാക്കുകൾ ഉപയോഗിച്ചത്.

English Summary

A new group, 'Lal Hit Janata Party', held its first membership conference in Delhi, emerging against the 'Cockroach Janata Party' protests demanding Chief Election Commissioner Gyanesh Kumar's resignation. Led by Ayan Bhatnagar, the party criticized opposition groups and protesters, accusing them of fostering public distrust and aiming to destabilize the government. It stated its goal is to protect democracy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWDELHI, LATESTNEWS, NATIONALNEWS, LAL HIT JANATA PARTY, CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360