മുംബയ്: ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമ്മയുടെ ഭാവിയെച്ചൊല്ലിയുള്ള ചർച്ചകൾ നടക്കുന്നതിനിടെ ടീം സെലക്ടർമാർക്ക് സുപ്രധാന നിർദ്ദേശവുമായി ബിസിസിഐ. മാദ്ധ്യമങ്ങളുമായുള്ള സമ്പർക്കം ദേശീയ ടീം സെലക്ടർമാർ ഉപേക്ഷിക്കണമെന്നാണ് ബിസിസിഐ നിർദ്ദേശിച്ചിരിക്കുന്നത്. കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോർഡ്സിൽ നടക്കുന്ന അവസാന ഏകദിനം രോഹിത് ശർമ്മയുടെ അവസാന മത്സരമാണെന്ന റിപ്പോർട്ടുകൾ ഇതിനിടെയാണ് പുറത്തുവന്നത്. ഇന്ത്യൻ ടീം പരാജയപ്പെട്ടതിനേക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് രോഹിത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ നിർദ്ദേശം.
എന്നാൽ രോഹിത്ത് ടീമിന്റെ ഭാഗമായി തുടരുന്നിടത്തോളം കാലം കളിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ ഈ റിപ്പോർട്ടുകൾ തള്ളി രംഗത്തെത്തിയിരുന്നു. ക്രിക്ക്ബസ് റിപ്പോർട്ട് പ്രകാരം, രോഹിതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിൽ ബിസിസിഐ കടുത്ത അതൃപ്തിയിലാണ്. ഇതോടെയാണ് മാദ്ധ്യമപ്രവർത്തകരുമായി ഒരു തരത്തിലുള്ള ആശയവിനിമയം നടത്തരുതെന്ന് ബിസിസിഐ സെലക്ടർമാരോട് നിർദ്ദേശിച്ചത്.
ഊഹാപോഹങ്ങൾ നിലനിൽക്കുന്നതിനാൽ നിലവിലെ സാഹചര്യം അനിശ്ചിതത്വത്തിലാണെന്നും പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവില്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. അടുത്ത കാലത്തായി ഇന്ത്യൻ ടീമിനെയും സെലക്ഷനെയുംക്കുറിച്ച് ഒട്ടേറെ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027ലെ ഏകദിന ലോകകപ്പിൽ രോഹിത്തിന് കളിക്കാൻ സാധിക്കുമോ എന്ന അശങ്കയിലാണ് ആരാധകർ.
കഴിഞ്ഞ എട്ട് ഇന്നിംഗ്സുകളിലായി 30.12 ശരാശരിയിലും 88.60 സ്‌ട്രൈക്ക് റേറ്റിലും 241 റൺസ് മാത്രം നേടാനായ രോഹിത്തിന്റെ നിലവിലെ ഫോമിൽ ചില സെലക്ടർമാർക്ക് അതൃപ്തിയുണ്ട്. അതുകൊണ്ട് മുൻ നായകൻ കൂടിയായ രോഹിത്തിന്റെ ഇനി ടീമിലെടുക്കേണ്ടതില്ലെന്ന അഭിപ്രായമാണുള്ളത്. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാൻ പരമ്പര തുടങ്ങുന്നതിന് മുൻപ് തന്നെ, ടീമിലേക്ക് ഇനി പരിഗണിക്കുന്നില്ലെന്ന് സെലക്ഷൻ കമ്മിറ്റിയിലെ ചില അംഗങ്ങൾ രോഹിത്തിനെ അറിയിച്ചിരുന്നെന്നാണ് വിവരം.
എന്നാൽ ബിസിസിഐയുടെ ഉന്നത നേതൃത്വത്തെ സമീപിച്ചതിനെത്തുടർന്ന് അഫ്ഗാനിസ്ഥാൻ പരമ്പരയിലേക്കും ഇംഗ്ലണ്ട് പരമ്പരയിലേക്കും രോഹിത് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ 11, 26 എന്നിങ്ങനെ സ്‌കോറിൽ ഒതുങ്ങിയതോടെ താരത്തെ സെലക്ടർമാർ സമീപിച്ച് നിലപാട് വ്യക്തമാക്കിയെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |