
ഫൈനലിനുള്ള മുന്നൊരുക്കങ്ങളിൽ അർജന്റീനയും സ്പെയ്നും
ന്യൂയോർക്ക് : നിമിഷങ്ങളെണ്ണി ലോകം കാതോർത്തിരിക്കുകയാണ്; ലോകകപ്പിൽ ആരു മുത്തമിടുമെന്ന് കാണാൻ. തുടർച്ചയായ രണ്ട് ലോകകപ്പുകൾ ഏറ്റുവാങ്ങാൻ ലയണൽ മെസിക്ക് കഴിയുമോ, അതോ ചെറുപ്രായത്തിൽ താൻ സോപ്പുതേച്ചു കുളിപ്പിച്ച ലാമിൻ യമാൽ കപ്പുയർത്തുന്നത് മെസിക്ക് കണ്ടുനിൽക്കേണ്ടിവരുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി.ലോകമെങ്ങുമുള്ള ഇരുടീമുകളുടേയും ആരാധകരും ഫുട്ബാൾ പണ്ഡിതരുമൊക്കെ ഇതുവരെയുള്ള കളിക്കണക്കുകളും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ഇഴകീറി പരിശോധിച്ച് സാദ്ധ്യതകൾ വിലയിരുത്തുന്നു. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഞായറാഴ്ച അർദ്ധരാത്രിയാണ് ഫൈനൽ. കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ സമയം തിങ്കളാഴ്ച വെളുപ്പിന് 12.30 മുതൽ. ചരിത്രത്തിലാദ്യമായി ഫൈനലിന്റെ ഹാഫ്ടൈമിൽ ഫിഫ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷ പരിപാടി ഉള്ളതിനാൽ 90 മിനിട്ട് നിശ്ചിതസമയം പൂർത്തിയാകാൻ തന്നെ വെളുപ്പിന് രണ്ടേമുക്കാലോളമാകും. അധികസമയമോ ഷൂട്ടൗട്ടോ വന്നാൽ പിന്നെയും മുക്കാൽ മണിക്കൂറോളം വേണ്ടിവരും വിധിയറിയാൻ.
ഇതുവരെയും ഒരു മത്സരം പോലും തോൽക്കാതെയാണ് അർജന്റീനയും സ്പെയ്നും ഫൈനലിലെത്തുന്നത്. ആദ്യ റൗണ്ടിൽ ദുർബലരായ എതിരാളികളോട് മിന്നുന്ന വിജയങ്ങൾ നേടിയ മെസിയും സംഘവും പക്ഷേ നോക്കൗട്ടിലെ ആദ്യ മത്സരം ശരിക്കും വെള്ളംകുടിച്ചുതുടങ്ങി. കേപ്പ് വെർദേ, ഈജിപ്ത്, സ്വിറ്റ്സർലാൻഡ്, ഇംഗ്ളണ്ട് എന്നിവരോടെല്ലാം അവസാനസമയത്തെ ആർജവവും മെസിയുടെ സാന്നിദ്ധ്യവുംകൊണ്ടുമാത്രമാണ് അർജന്റീന ജയിച്ചത്. മറുവശത്ത് ആദ്യ കളിയിൽ കേപ് വെർദേയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയ്ൻ പിന്നീട് എല്ലാകളികളും നേടിയത് ആധികാരിക വിജയങ്ങൾ. ക്വാർട്ടറിൽ ബെൽജിയത്തിന് എതിരെ മാത്രമാണ് ഒരു ഗോളെങ്കിലും വഴങ്ങിയത്.
യമാലിന് പരിക്കോ ?
സ്പാനിഷ് കുന്തമുന ലാമിൻ യമാലിന് ഫ്രാൻസിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം ടീമിനൊപ്പം ഫുൾലെംഗ്ത് പ്രാക്ടീസിന് യമാൽ ഇറങ്ങിയില്ല. തുടയിൽ ബാൻഡേജ് ചുറ്റിയെത്തിയ യമാൽ വ്യക്തിഗത വ്യായാമങ്ങളിൽ മാത്രമാണ് ഏർപ്പെട്ടത്. ഇതോടെയാണ് താരത്തിന് പരിക്കാണെന്ന സംശയമുയർന്നത്. എന്നാൽ ഗുരുതമായ പരിക്കുകളൊന്നുമില്ലെന്നും ഫൈനലിൽ കളിക്കുമെന്നുമാണ് സ്പാനിഷ് ടീമിനോട് അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |