
ഡെറാഡൂൺ: അദ്ധ്വാനിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളെ കാഴ്ചക്കാരാക്കി പണവും സ്വാധീനവുമുള്ളവർക്ക് ചോദ്യങ്ങൾ ചോർത്തി നൽകി പാസാക്കുന്ന നിലവിലെ മത്സര പരീക്ഷാ സമ്പ്രദായം മാറണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ഛാത്രോം കി ഗൂംഞ്ച്' (വിദ്യാർത്ഥികളുടെ ശബ്‌ദം) പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പഴഞ്ചൻ പരീക്ഷാ സമ്പ്രദായം മാറ്റി 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയിൽ മത്സര പരീക്ഷകൾ വിദ്യാർത്ഥീ കേന്ദ്രീകൃതമാക്കണം. എൻ.ടി.എ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെ പിണിയാളുകളാകരുത്. വിദ്യാർത്ഥികളിൽ നിന്ന് പണം പിടുങ്ങുന്നതിൽ മാത്രമാണ് എൻ.ടി.എയുടെ ശ്രദ്ധ. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിൽ ക്രമക്കേടുകൾ ആവർത്തിക്കുകയാണ്.
പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചോദ്യപേപ്പർ ചോർത്തുന്നത്. കോടികൾ ചെലവാക്കാനുണ്ടെങ്കിൽ ഇന്റർനെറ്റിൽ ചോദ്യങ്ങൾ ലഭിക്കും. 10 വർഷത്തിനിടയിൽ 7.5 കോടി യുവാക്കൾ ചോദ്യപേപ്പർ ചോർച്ചയുടെ ദുരിതമനുഭവിച്ചു. ശരാശരി 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു. എല്ലാ മാസവും ശരാശരി ഒരു ചോദ്യപേപ്പർ ചോരുന്നു. പക്ഷേ ആരും ശിക്ഷിക്കപ്പെടുന്നില്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചമൂലം 22 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്‌തിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വാക്കുപോലും പറഞ്ഞില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഡെറാഡൂൺ റേസ് കോഴ്‌സ് റോഡിലുള്ള ബന്നു സ്‌കൂൾ ഗ്രൗണ്ടിലെ പരിപാടിയിൽ പങ്കെടുത്തു. നേരത്തെ ബുക്ക് ചെയ്‌തിരുന്ന പരേഡ് ഗ്രൗണ്ടിൽ അവസാന നിമിഷം ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് വേദി ഇവിടേക്ക് മാറ്റുകയായിരുന്നു. ബി.ജെ.പി സർക്കാർ രാഷ്‌ട്രീയം കളിച്ചതാണെന്ന് കോൺഗ്രസ് ആരോപിച്ചു.
'മകൾക്ക് സംഭവിച്ചത്
മറ്റാർക്കുമുണ്ടാകരുത്'
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത റിയാകുമാരിയുടെ പിതാവ് രാജേഷ് മാലും സംസാരിച്ചു. ചോദ്യപേപ്പർ ചോർന്നതിലെ നിരാശമൂലമാണ് മകൾ ജീവനൊടുക്കിയത്. മകൾക്ക് സംഭവിച്ചത് മറ്റാർക്കും ഉണ്ടാകരുതെന്നും രാജേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |