
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്.ഐ.ടി. ക്ഷേത്രത്തിന്റെ സാമ്പത്തിക രേഖകളും ഭരണപരമായ നടപടിക്രമങ്ങളും പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ആവശ്യം. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് ലക്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ജൂൺ 23ന് ഇടക്കാല റിപ്പോർട്ട് യു.പി അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി ജൂലായ് 15ന് അവസാനിച്ചതോടെയാണ് സമയം നീട്ടി ചോദിച്ചത്. കേസിൽ അന്വേഷണപുരോഗതി വ്യക്തമാക്കുന്ന തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
സി.ഇ.ഒ: അവസാന
തീയതി ഇന്ന്
രാമക്ഷേത്രത്തിന്റെ സി.ഇ.ഒ പദവിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് വൈകിട്ട് നാലോടെ അവസാനിക്കും. ബിരുദമുള്ള, അമ്പതിനും എഴുപതിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഇതിനകം മുൻ ഐ.എ.എസ് -ഐ.പി.എസ് ഉദ്യോഗസ്ഥർ അടക്കം രണ്ടായിരത്തോളംപേർ അപേക്ഷ നൽകിയിട്ടുണ്ട്. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് പെർമോദ് കോഹ്‌ലി, മുൻ ലഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ശ്രീ സായി ബാബ സൻസ്ഥാൻ മുൻ ചെയർമാൻ സുരേഷ് ഹവാരെ എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റി നാളെ യോഗം ചേരും. ട്രസ്റ്റ് യോഗം 22നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |