ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനേ തകൈചിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിലേക്ക് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തുന്നതിനായുള്ള സഹകരണത്തിന് ധാരണയായി. ഡൽഹിയിൽ നടന്ന പതിനാറാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്ക് പിന്നാലെയാണ് നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്. ഏഷ്യയിലെ തന്നെ ഏറ്റവും നിർണായകമായ ശക്തികളായി മാറുന്നതിനുള്ള ഉടമ്പടികളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാമ്പത്തിക സുരക്ഷ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, നിർണായക ധാതുക്കൾ, ഊർജം എന്നിവയുമായി ബന്ധപ്പെട്ട് കരാറുകളാണ് ചർച്ചയിൽ അവതരിപ്പിച്ചത്. ഇന്ത്യയും ജപ്പാനും പരമ്പരാഗത സഹകരണത്തിനപ്പുറം ഭാവിയിൽ സാങ്കേതികവിദ്യയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പാണ് നിലവിലെ ചർച്ച. ജപ്പാനിൽ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്താൻ ലക്ഷ്യമാക്കിയുള്ള സഹകരണത്തിന് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി.
ഇന്ത്യയിൽ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകൈചി അറിയിച്ചു. സമുദ്ര സുരക്ഷയ്ക്കും ഊർജരംഗത്തെ സഹകരണത്തിനും മുൻഗണന നൽകാനും ചർച്ചയിൽ ധാരണയായി. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകൈചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്.
പ്രതിരോധ ബന്ധങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ് ഈ ഉച്ചകോടിയെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. നാവിക റേഡിയോ ആന്റിനയായ 'യൂണികോൺ' ഉൾപ്പെടുന്ന ആദ്യ പ്രതിരോധ സഹകരണ വികസന പദ്ധതിക്കായി ഇന്ത്യയും ജപ്പാനും ഒരു കരാറിൽ ഒപ്പുവച്ചതായും അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |