SignIn
Kerala Kaumudi Online
Monday, 22 June 2026 11.34 PM IST

300 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്‌ത് മകളെ പഠിപ്പിച്ചു; മിനിറ്റുകൾ വൈകിയതിനാൽ നീറ്റ് പരീക്ഷയെഴുതാനായില്ല, തളർന്നുവീണ് പിതാവ്

READ ENGLISH VERSION
ragini

ഭോപ്പാൽ: പരീക്ഷാകേന്ദ്രത്തിലെത്താൻ മിനിറ്റുകൾ മാത്രം വൈകിയെന്ന കാരണത്താൽ നീറ്റ് പരീക്ഷയെഴുതാൻ സാധിക്കാതെ വന്നവർ നിരവധിയാണ്. നിരാശയിൽ നിയന്ത്രണംവിട്ട വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും കണ്ണുനീരിനാണ് പല പരീക്ഷാകേന്ദ്രങ്ങളും സാക്ഷിയായത്. അത്തരത്തിലൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

മദ്ധ്യപ്രദേശിലെ കുൽഹാൻ വില്ലേജിൽ നിന്നുള്ള രാഗിണി എന്ന പതിനെട്ടുകാരിക്കാണ് പരീക്ഷാ കേന്ദ്രത്തിലെത്താൻ ഒരു മിനിറ്റ് വൈകിയതിന്റെ പേരിൽ പ്രവേശനം നിഷേധിച്ചത്. മകളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഉദ്യോഗസ്ഥർക്ക് മുന്നിൽ കൈകൂപ്പി അപേക്ഷിക്കുകയും ഒടുവിൽ തളർന്നുവീഴുകയും ചെയ്യുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിതാവ് നിയന്ത്രണം വിട്ട് കരയാൻ തുടങ്ങുമ്പോൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന മകളെ ദൃശ്യങ്ങളിൽ കാണാം.

300 രൂപ ദിവസവേതനത്തിന് ജോലി ചെയ്യുന്ന അദ്ദേഹം കടം വാങ്ങിയും വായ്‌പയെടുത്തുമാണ് മകളുടെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. എട്ടാം ക്ലാസുവരെ ഗ്രാമത്തിലെതന്നെ സ്‌കൂളിൽ പഠിച്ച രാഗിണിക്ക് തുടർവിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നിരുന്നു. പന്ത്രണ്ടാം ക്ലാസിൽ ഉന്നതവിജയം കരസ്ഥമാക്കിയതിനുപിന്നാലെ സ്‌കോളർഷിപ് നേടിയ തുകയും കടം വാങ്ങിയ പണവും ചേർത്ത് വാങ്ങിയ ലാപ്‌ടോപ്പിലൂടെയായിരുന്നു നീറ്റ് പരീക്ഷയ്‌ക്കായുള്ള പരിശീലനം നടത്തിയത്.

രാഗിണിയും അച്ഛനും നേരത്തെതന്നെ വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും യാത്രാമദ്ധ്യേ തടസങ്ങൾ ഉണ്ടാവുകയായിരുന്നു. കനത്ത മഴയ്‌ക്കൊപ്പം വാഹനത്തിന്റെ ടയർകൂടി പഞ്ചറായതോടെ പരീക്ഷാ കേന്ദ്രത്തിലെത്താൻ വൈകി. രാഗിണി ഉൾപ്പടെ വൈകിയെത്തിയ വിദ്യാർത്ഥികളെ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചെങ്കിലും സമയപരിധി കഴിഞ്ഞതിനാൽ ബയോമെട്രിക് പരിശോധനകൾ പൂർത്തിയാക്കാനായില്ല. ഇതോടെയാണ് പരീക്ഷയെഴുതാൻ കഴിയാതെ വന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NEET, NEWS, COLLAPSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360