കൊൽക്കത്ത: ഒക്ടോബർ 6ന് നടക്കുന്ന നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിൽ. പഴയൊരു കൊലക്കേസിലാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. മിലൻ പ്രധാനെ പിന്തുണയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ്. 2007ൽ നന്ദിഗ്രാമിൽ നടന്ന ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് പ്രധാൻ അറസ്റ്റിലായത്.
ഇന്ന് കാളിഘട്ടിലെ വസതിയിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് മമത ബാനർജി അറിയിച്ചത്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മമതയുടെ വിഭാഗം മത്സരിപ്പിച്ച സഞ്ചിത പ്രധാൻ ഡേ പിന്മാറിയതിനെ തുടർന്നാണ് കോൺഗ്രസിന് പിന്തുണ അറിയിച്ചത്. കോൺഗ്രസിനെ 'സഹോദര പാർട്ടി' എന്നാണ് മമത വിശേഷിപ്പിച്ചത്. ഇന്ത്യ ബ്ലോക്കിനെ ശക്തിപ്പെടുന്നതിന് വേണ്ടിയാണ് ഈ പ്രഖ്യാപനമെന്നും അവർ കൂട്ടിച്ചേർത്തു.
2007ൽ നന്ദിഗ്രാമിൽ നടന്ന ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭം മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായകമായ ഒന്നായിരുന്നു. 34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച ഇടതുമുന്നണിക്കെതിരെ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണം കെട്ടിപ്പടുക്കാൻ ഈ പ്രക്ഷോഭം സഹായിച്ചു. 2011 മുതൽ അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് ഈ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപിയോട് അടിയറവ് പറഞ്ഞത്.
അതേസമയം, തൃണമൂൽ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു. മമത ബാനർജിക്ക് പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'അവർ ഒരു രാഷ്ട്രീയ നേതാവാണ്. അവർക്ക് എന്തും പറയാം. അവർ ഒരു സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. എന്നാൽ അവരുടെ സ്ഥാനാർത്ഥി പിന്മാറിയതിനാൽ അവർ ഞങ്ങൾക്ക് പിന്തുണ നൽകുന്നു. ഞങ്ങൾ അവരുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല'- ചൗധരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |