ന്യൂഡൽഹി: വെസ്റ്റിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് സെലക്ടർമാർക്ക് നിർദേശവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. രോഹിത് ശർമ്മയുടെയും വിരാട് കൊഹ്‌ലിയുടെയും ടീമിലെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് യുവരാജിന്റെ പ്രതികരണം.
ടൂർണമെന്റുകൾക്ക് തൊട്ടുമുമ്പ് ടീമിൽ വലിയ അഴിച്ചുപണികൾ നടത്തുന്നതാണ് ഇന്ത്യൻ ടീമിന്റെ പരാജയങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ലോകകപ്പിനായി ഒരേ ടീമിനെ തന്നെ തുടർച്ചയായി കളിപ്പിച്ച് വളർത്തിയെടുക്കണമെന്ന് യുവരാജ് പറഞ്ഞു. ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'കളിക്കാർക്ക് 16 വയസോ 20 വയസ്സോ ആകട്ടെ, എല്ലാവർക്കും ആവശ്യത്തിന് അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്. കാരണം, ഇപ്പോൾ ട്വന്റി-20 മത്സരങ്ങളേക്കാൾ കുറവാണ് ഏകദിന മത്സരങ്ങൾ. ഏത് മത്സരങ്ങളായാലും, ലോകകപ്പിനായി തയ്യാറെടുക്കാൻ കളിക്കാർക്ക് ആവശ്യത്തിന് ഗെയിം ടൈം ലഭിക്കേണ്ടത് പ്രധാനമാണ്.
ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളപ്പോഴൊക്കെ അവസാന നിമിഷത്തിലോ ടൂർണമെന്റിലോ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് 2027 ലോകകപ്പ് നേടാൻ കഴിയുമെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരു ടീമിനെ കണ്ടെത്തുകയും, അവർ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്‌തോട്ടേ, എന്നിരുന്നാലും അവസാനം വരെ ആ കളിക്കാരെ പിന്തുണയ്‌ക്കണം. സ്‌ക്വാഡിലുള്ള വിശ്വാസവും വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു.
ഇന്ത്യ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരുപാട് സ്ഥിരത പുലർത്തിയിട്ടുണ്ട്. ആദ്യം സെമിഫൈനലിൽ പ്രവേശിക്കുന്നതിനെക്കുറിച്ചും പിന്നീട് അവസാന രണ്ട് നോക്കൗട്ട് മത്സരങ്ങൾ കളിക്കുന്നതിനെക്കുറിച്ചും അവർ ചിന്തിക്കണം. അത് ഇനിയും ഏറെ ദൂരെയുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരുമിച്ച് പൊരുതാൻ തയ്യാറായ സ്‌ക്വാഡിനെ ഒരുക്കിയെടുക്കുന്നതിലാകണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
അതുകൊണ്ടാണ് ഓസ്‌ട്രേലിയ പലപ്പോഴും വിജയികളായി മാറുന്നത്. ഓസീസ് ലോകകപ്പുകൾ നേടിയപ്പോഴൊക്കെ, സ്വന്തം നിലയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന ഒരുപാട് മാച്ച് വിന്നർമാർ അവർക്കുണ്ടായിരുന്നു. എല്ലാവരും പ്രതിസന്ധിയിലായാൽ അവർ ഒന്നിച്ച് നിന്ന് കളി ജയിപ്പിക്കും'.-യുവരാജ് സിംഗ് കൂട്ടിച്ചേർത്തു.
Following the announcement of India's squad for the upcoming series against West Indies, former all-rounder Yuvraj Singh has advised selectors to build a consistent core team ahead of the 2027 ODI World Cup and avoid making last-minute changes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |