SignIn
Kerala Kaumudi Online
Friday, 18 September 2026 12.36 AM IST

അഭിഷേകാഗ്നി

cricket

അഭിഷേക് ശർമ്മയ്ക്ക് (108 )ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി, സഞ്ജു സാംസണിന് (50) വീണ്ടും അർദ്ധസെഞ്ച്വറി

മൂന്നാം ട്വന്റി-20യിലും അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തേയും അവസാനത്തേയുമായ മത്സരത്തിലും വമ്പൻ ജയം നേടി ഇന്ത്യ പരമ്പര തൂത്തുവാരി. ഡൽഹിയിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ അഭിഷേക് ശർമ്മയും (34 പന്തുകളിൽ 9 ഫോറുകളും 11സിക്സുകളുമടക്കം 108 റൺസ്) സഞ്ജു സാംസണും (35 പന്തുകളിൽ 2 ഫോറുകളും 4സിക്സുകളുമടക്കം 50 റൺസ്)ചേർന്ന് 9.5 ഓവറിൽത്തന്നെ അടിച്ചുകൂട്ടിയത് 142 റൺസ്. 20 ഓവറിൽ ഇന്ത്യ 221/7 എന്ന സ്കോറുയർത്തി. അഫ്ഗാന്റെ മറുപടി 14.1 ഓവറിൽ 94 റൺസിലൊതുങ്ങി.127 റൺസിനാണ് ഇന്ത്യൻ ജയം.

ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്ന ഇന്ത്യയെ ഇന്നലെ ടോസ് നേടിയ അഫ്ഗാൻ ബാറ്റിംഗിനിറക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിന് മുമ്പ് തകർത്തടിക്കാനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാർ തുടക്കം മുതൽ അരങ്ങ് തകർത്തു. സഞ്ജുവിനെ കാഴ്ചക്കാരനായി നിറുത്തി അഭിഷേക് അഗ്നിയായി മാറുകയായിരുന്നു. ആദ്യ 16 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ച അഭിഷേകിന് സെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത് 30 പന്തുകൾ മാത്രമാണ്. ആദ്യ ഓവറിൽ ഫസൽ ഹഖ് ഫറൂഖിയെ ഫോറടിച്ച അഭിഷേക് അടുത്ത ഓവറിൽ അസ്മത്തുള്ളയെ രണ്ട് സിക്സുകൾക്കും ഒരു ഫോറിനും ശിക്ഷിച്ചു.മൂന്നാം ഓവറിൽ ഫറൂഖിക്കെതിരെ രണ്ടുവീതം ഫോറും സിക്സുമടക്കം നേടിയത് 23 റൺസ്.അഞ്ചാം ഓവറിൽ മുഹമ്മദ് നബിക്കെതിരെ നാലുസിക്സും ഒരു ഫോറുമടക്കം29 റൺസ് നേടിയതോടെ അർദ്ധസെഞ്ച്വറി പിന്നിട്ടു. എന്നിട്ടും ബാറ്റിന്റെ വേഗത കുറച്ചില്ല.ഒൻപതാം ഓവറിൽ ഒരു സിക്സിന് പിന്നാലെ സിംഗിൾ നേടിയാണ് സെഞ്ച്വറിയിലെത്തിയത്. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ സിക്സിന് പറത്തിയ അഭിഷേകിനെ അഞ്ചാം പന്തിൽ കീപ്പറുടെ കയ്യിലെത്തിച്ച് റാഷിദ് ഖാനാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്.

തുടർന്നിറങ്ങിയ തിലക് വർമ്മയെ (2) 12-ാം ഓവറിൽ റാഷിദ് റൺഔട്ടാക്കി. പിന്നാലെ തന്റെ തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി തികച്ചയുടൻ സഞ്ജു പുറത്താവുകയും ചെയ്തു. 35 പന്തുകൾ നേരിട്ട സഞ്ജു രണ്ട് ഫോറും നാലുസിക്സും പായിച്ചു.

മറുപടിക്കിറങ്ങിയ അഫ്ഗാൻ നിരയിൽ ആരെയും കാലുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല.മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്ണോയ്‌യും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ അക്ഷർ പട്ടേലും ഓരോ വിക്കറ്റ് നേടിയ ബുംറയും യഷ് താക്കൂറും ചേർന്നാണ് അഫ്ഗാനെ ചിതറിച്ചത്.

30

പന്തുകളാണ് അഭിഷേകിന് സെഞ്ച്വറി തികയ്ക്കാൻ വേണ്ടിവന്നത്.ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 2024ൽ എസ്തോണിയൻ താരം സഹിൽ ചൗഹാൻ സൈപ്രസിനെതിരെ 27 പന്തിൽ നേടിയ സെഞ്ച്വറിയാണ് ഒന്നാംസ്ഥാനത്ത്. ഐ.സി.സി ഫുൾമെമ്പർഷിപ്പുള്ള രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളിൽ ഒന്നാം സ്ഥാനം അഭിഷേകിന്. ഇന്ത്യൻ താരങ്ങളിൽ 35 പന്തുകളിൽ സെഞ്ച്വറി തികച്ച രോഹിതിന്റെ റെക്കാഡ് അഭിഷേക് തകർത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360