SignIn
Kerala Kaumudi Online
Friday, 18 September 2026 2.42 PM IST

ഇന്ത്യൻ ടീമിലെത്തുക എന്ന സ്വപ്നം ഷമിക്കും ഭുവനേശ്വർ കുമാറിനും അവസാനിച്ചു, മുൻ താരം നൽകുന്ന സൂചന

shami-bhuvi
മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും

മുംബയ്: അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം കാഴ്‌ചവച്ചിട്ടും മുതി‌ർന്ന താരങ്ങളായ ഭുവനേശ്വർ കുമാറിനെയും മുഹമ്മദ് ഷമിയെയും ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമിലേക്ക് പരിഗണിച്ചില്ല.

ബൗളിംഗിൽ മികവാർന്ന താരങ്ങളെ വാർത്തെടുക്കാൻ ഇന്ത്യ ശ്രമിക്കുന്നത് വേണ്ടത്ര ഫലംകാണാതിരിക്കുമ്പോഴാണ് മികച്ച ഫോമിൽ കളിക്കുന്ന ഈ മുതിർന്ന താരങ്ങളെ ബിസിസിഐ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുകയേ ചെയ്യാത്തത്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിച്ച ഭുവനേശ്വർ കുമാർ 28 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. 2025ലാണ് ഷമി ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോഴും മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്.

ഇരുവരെയും വിട്ട് ടീം ഇന്ത്യ മുന്നോട്ട് പോയെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലാണ് ചോപ്ര ഈ അഭിപ്രായം പറഞ്ഞത്. 'ഷമിയുടെയും ഭുവിയുടെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ എന്താണ് ഇനി വരാനുള്ളതെന്ന് വ്യക്തമാകുന്നു.ട്വന്റി20യിൽ ഭുവിയെക്കുറിച്ച് ചിന്തിക്കാമായിരുന്നു. ഏകദിന വീക്ഷണകോണിൽ ഷമിയെക്കുറിച്ച് ചിന്തിക്കാമായിരുന്നു. പക്ഷെ ബിസിസിഐയിൽ നിന്ന് അതുണ്ടായില്ല.'

അക്വിബ് നബിയെ ഏകദിന ടീമിലും മയാങ്ക് യാദവിനെയും പ്രിൻസ് യാദവിനെയും ട്വന്റി20യിലും ഉൾപ്പെടുത്തുകയും ഭുവിയും ഷമിയും ടീമിലില്ലാതിരിക്കുകയും ചെയ്‌തത് അവർ കാര്യങ്ങൾ അംഗീകരിച്ച് ഇനി മുന്നോട്ട് പോകണം എന്നതാണ് ബിസിസിഐ ഉദ്ദേശിക്കുന്നതെന്നാണ് ആകാശ് ചോപ്ര വ്യക്തമാക്കുന്നത്.

ഷമി തന്റെ നൂറാം ഫസ്റ്റ്‌ക്‌ളാസ് മത്സരം കളിച്ചത് ഈയിടെയാണ്. 100 മത്സരം എന്നത് എപ്പോഴും പ്രത്യേകതയുള്ള ഒന്നാണെന്നും മുൻപെന്ന പോലെതന്നെ കളിയോടുള്ള താൽപര്യം ഇപ്പോഴുമുണ്ടെന്നാണ് ഷമി ഇതിനോട് പ്രതികരിച്ചത്.

'100 മത്സരങ്ങൾ കളിക്കുക എന്നത് സ്വപ്‌നം പോലെയാണ്. സ്വന്തം സംസ്ഥാനത്തിന് അഭിമാനം നൽകുക. പല സ്ഥലങ്ങൾ, പല പിച്ച് കണ്ടീഷനുകൾ, അവിടെ വിക്കറ്റ് നേടുക. അതൊരു വലിയ കാര്യമാണ്, സ്വപ്‌നമാണ്'-ഷമി പറയുന്നു.ദുലീപ് ട്രോഫിയിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിനുവേണ്ടിയാണ് ഷമി കളിച്ചത്. ട്രോഫി ഈസ്റ്റ് സോൺ നേടുന്നതിലും ഷമി പങ്കുവഹിച്ചു. 14 വ‌ർഷങ്ങൾക്ക് ശേഷമാണ് ഈസ്റ്റ് സോൺ ദുലീപ് ട്രോഫി ജയിക്കുന്നത്.

English Summary

India announced its squads for next month’s West Indies series recently. Despite impressive performances in domestic cricket, senior pacers Bhuvneshwar Kumar and Mohammed Shami were not included in India’s ODI or T20I squads.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN CRICKET TEAM, BHUVANESWAR KUMAR, MUHAMMAD SHAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360