
വഡോദര: സുഹൃത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ രണ്ട് സുഹൃത്തുക്കൾ ജീവനൊടുക്കി. ബീഹാറിലുള്ള സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് ട്രെയിനിന് മുന്നിൽ ചാടി ഒരാൾ മരിച്ചതിന് തൊട്ടുപിന്നാലെ, ഒപ്പം താമസിച്ചിരുന്ന അടുത്ത സുഹൃത്തും മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
ബിഹാറിലെ സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ രവിശങ്കർ പ്രസാദ് എന്ന യുവാവിന് ആ വിയോഗം താങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തന്റെ സോഷ്യൽ മീഡിയയിൽ 'ഞാൻ ഉടൻ തന്നെ നിന്റെ അടുത്തേക്ക് വരുന്നു' എന്ന് കുറിപ്പെഴുതി. തൊട്ടുപിന്നാലെ വഡോദരയിൽ വച്ച് ട്രെയിനിന് മുന്നിൽ ചാടി ഇയാൾ ജീവനൊടുക്കുകയായിരുന്നു. ആദ്യം ട്രെയിൻ അപകടമാണെന്നാണ് എല്ലാവരും കരുതിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലും രവിശങ്കറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്നുമാണ് സുഹൃത്തിന്റെ വിയോഗത്തിൽ മനംനൊന്താണ് ഇയാൾ ജീവനൊടുക്കിയതെന്ന് വ്യക്തമായത്.
ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് സുഹൃത്തുക്കൾ അടുത്തടുത്ത് മരണപ്പെട്ടതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും. എന്നാൽ അവരെ കാത്തിരുന്നത് അതിലും വലിയൊരു ദുരന്തവാർത്തയായിരുന്നു. രവിശങ്കറിന്റെ അടുത്ത സുഹൃത്തും ഒപ്പം ഒരേ മുറിയിൽ താമസിക്കുകയായിരുന്ന ദിനേഷ് പ്രസാദും ആത്മഹത്യ ചെയ്തു. രവിശങ്കറിന്റെ മരണത്തിന് പിന്നാലെ ഇവർ താമസിച്ചിരുന്ന വഡോദരയിലെ മുറിയിൽ ദിനേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വഡോദരയിൽ ഒരുമിച്ച് താമസിച്ചിരുന്ന രവിയും ദിനേഷും കടുത്ത മാനസിക വിഷമത്തിലായിരുന്നതായി യാതൊരു സൂചനയുമുണ്ടായിരുന്നില്ലെന്ന് ഇവരുടെ റൂം ഉടമ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |