SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.09 PM IST

ഞാൻ ഭീകരനല്ല: ജയിലിൽ നിന്ന് കേജ്‌രിവാളിന്റെ കത്ത്

kej

ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ രണ്ടുവരി കത്ത് പുറത്തുവിട്ട് ആം ആദ്‌മി പാർട്ടി. 'എന്റെ പേര് അരവിന്ദ് കേജ്‌രിവാൾ, ഞാൻ ഒരു ഭീകരനല്ല എന്നു പറയട്ടെ. നിങ്ങൾക്ക് ഇതുപോലെ പെരുമാറാൻ നാണമില്ലേ"- പത്രസമ്മേളനത്തിൽ എം.പിയും മുതിർന്ന നേതാവുമായ സഞ്ജയ് സിംഗ് കത്ത് വായിച്ചു.

ഡൽഹിയിലെ ജനങ്ങൾക്കായി മകനെപ്പോലെയും സഹോദരനെപ്പോലെയും പ്രവർത്തിച്ച കേജ്‌രിവാൾ ജയിലിൽ നിന്ന് അയച്ച സന്ദേശമാണിതെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.

കേജ്‌രിവാൾ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് ഗ്ലാസ് ജനാലയിലൂടെയാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനിനും അദ്ദേഹത്തെ കാണാൻ ഇളവ് കിട്ടിയില്ല. കേജ്‌രിവാൾ സദാ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ മനോവീര്യം തകർക്കാനും കുടുംബാംഗങ്ങളെയും നേതാക്കളെയും അപമാനിക്കാനുമാണിത്. കേജ്‌രിവാൾ തളരില്ല. അദ്ദേഹം ഐ.ആർ.എസ് വിട്ട് രാജ്യത്തെ സേവിക്കാനിറങ്ങിയതാണ്. 49 ദിവസം ഭരിച്ച ശേഷം രാജിവച്ചയാളാണ്. തകർക്കാൻ ശ്രമിക്കുന്തോറും ശക്തനാകും"- സഞ്ജയ് സിംഗ് പറഞ്ഞു.
കൊടും കുറ്റവാളിക്കുള്ള സൗകര്യങ്ങൾ പോലും കേജ്‌രിവാളിന് ലഭിക്കുന്നില്ലെന്ന് ഭഗവന്ത് സിംഗ് മാനും ആരോപിച്ചു. സ്‌കൂളുകളും ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിർമ്മിച്ചതാണോ അദ്ദേഹം ചെയ്‌ത കുറ്റം. ജനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകിയ നേതാവിനോട് ഭീകരനോടെന്നപോലെയാണ് പെരുമാറുന്നത്.

ആരും കേജ്‌രിവാളിനെ ഭീകരനെന്ന് വിളിച്ചിട്ടില്ലെന്നും എന്നാൽ അഴിമതിക്കാരനാണെന്നും ബി.ജെ.പി നേതാവ് മനോജ് തിവാരി പറഞ്ഞു.

ജയിൽ മാനുവൽ എല്ലാവർക്കും ഒരുപോലെയാണ്. നിയമം അതിന്റെ വഴിക്ക് പോകുന്നുവെന്നും പ്രതികരിച്ചു.

ഫയലിൽ ഒപ്പിടാൻ തടസം

കേജ്‌രിവാളിന് ജുഡിഷ്യൽ കസ്റ്റഡിയിൽ രാഷ്‌ട്രീയ സ്വഭാവമുള്ള രേഖകളിൽ ഒപ്പിടാനാല്ലെന്ന് ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബനിവാൾ വ്യക്തമാക്കി. നിയമപരമോ, സ്വത്തുമായി ബന്ധപ്പെട്ടതോ ആയ രേഖകളിൽ മാത്രമേ ഒപ്പിടാനാവൂ. കൊടും കുറ്റവാളിക്കും സാധാരണ കുറ്റവാളിക്കും ചട്ടങ്ങൾ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കത്തിടപാടുകൾക്കും നിയന്ത്രണമുണ്ട്. കേജ്‌രിവാൾ ജയിലിൽ നിന്ന് ഭരണം തുടരുമെന്നും എല്ലാ ആഴ്ചയും രണ്ട് മന്ത്രിമാരുമായി ഭരണപുരോഗതി അവലോകനം ചെയ്യുമെന്നും ആം ആദ്മി പാർട്ടി ആവർത്തിച്ചതിന് പിന്നാലെയാണ് പരാമർശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360