SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.18 PM IST

'ഇമ്രാൻ ഖാൻ മരിക്കും, ജയിലിൽ മികച്ച പരിഗണന ഉറപ്പാക്കണം', സർക്കാരിന് കത്തയച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്ടന്മാർ

immran-khan
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാൻ

കാൻബറ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന് ജയിലിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ നയതന്ത്രതലത്തിൽ ഇടപെടണമെന്ന ആവശ്യവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ മുൻ നിര നായകന്മാർ രംഗത്ത്. ഓസ്‌ട്രേലിയയുടെ ഏഴ് മുൻ ക്യാപ്ടന്മാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി പെനി വോംഗിന് കത്തയച്ചത്.

നേരത്തെ 22 അന്താരാഷ്ട്ര മുൻ നായകന്മാർ സമാനമായ ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ പ്രമുഖർകൂടി ആവശ്യവുമായി കൈകോർക്കുന്നത്. അലൻ ബോർഡർ, ഗ്രെഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, കിം ഹ്യൂസ്, മാർക്ക് ടെയ്‌ലർ, സ്റ്റീവ് വോ എന്നിവരാണ് ഓസ്‌ട്രേലിയൻ സർക്കാരിന് കത്തയച്ചത്.

അതേസമയം, ഇമ്രാൻ ഖാനെതിരെയുള്ള രാഷ്ട്രീയ അഴിമതി കേസുകളിൽ തങ്ങൾ യാതൊരു നിലപാടും സ്വീകരിക്കുന്നില്ലെന്ന് ഏഴുപേരും വ്യക്തമാക്കി. അത് പാകിസ്ഥാന്റെ മാത്രം ആഭ്യന്തര കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാൻ ഖാൻ നേരിടുന്ന മോശം സാഹചര്യങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും താരങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിനതീതമായി ഇത് അടിസ്ഥാനപരമായ മനുഷ്യത്വത്തിന്റെ പ്രശ്നമാണെന്നും അവർ ഓർമ്മിപ്പിച്ചു.

2022ൽ ഇസ്ലാമാബാദിൽ വച്ചായിരുന്നു ഗ്രെഗ് ചാപ്പൽ അവസാനമായി ഇമ്രാനെ കാണുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം പൂർണ ആരോഗ്യവാനായിരുന്നു. എന്നാൽ ഇന്നത്തെ ജയിൽവാസത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിൽ നിന്നെല്ലാം തീർത്തും വിഭിന്നമാണെന്നും, മുൻ ഓസ്‌ട്രേലിയൻ ക്യാപ്ടന്മാർ എന്ന നിലയിലാണ് തങ്ങൾ ഈ വിഷയത്തിൽ മൗനം വെടിയുന്നതെന്നും കത്തിൽ പറയുന്നു. ഇമ്രാന്റെ ജീവന് ജയിലിൽ ആപത്തുണ്ടാകുമെന്ന ഭയത്താലാണ് കത്തയച്ചതെന്ന് ഗ്രെഗ് ചാപ്പൽ ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് വ്യക്തമാക്കി.

പാകിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്ത ഏക ക്യാപ്ടനും, പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച വ്യക്തിയുമാണ് ഇമ്രാൻ ഖാൻ എന്ന് കത്തിൽ അനുസ്മരിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കാർ ഇമ്രാനെ ഏറെ ആദരവോടെയാണ് കാണുന്നത്.

എന്നാൽ ജയിലിൽ അദ്ദേഹത്തിന് കൃത്യമായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ബന്ധപ്പെടാൻ നിയന്ത്രണങ്ങളുണ്ടെന്നും കുടുംബാംഗങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

ഇമ്രാന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ മക്കളും സഹോദരിമാരും അടുത്തിടെ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ നേരിട്ട് ഇടപെടണമെന്നും പാക് അധികാരികളോട് സംസാരിക്കണമെന്നുമാണ് കത്തിലെ ആവശ്യം. മന്ത്രി പൈന്നി വോംഗുമായി നേരിട്ട് ചർച്ച നടത്താൻ സമയം അനുവദിക്കണമെന്നും ഗ്രെഗ് ചാപ്പൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

English Summary

Seven former Australian cricket captains urged Foreign Minister Penny Wong to diplomatically intervene for improved medical treatment for former Pakistan Prime Minister Imran Khan in jail. They expressed grave concern over his deteriorating health and poor conditions, stressing it as a humanitarian issue, separate from his political cases.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMRAN KHAN, LATESTNEWS, WORLDNEWS, PAKISTAN CRICKET TEAM, AUSTRALIA CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360