
ന്യൂഡൽഹി: സ്‌പോർട്‌സ് ബൈക്ക് യാത്രികയെ കാറിടിച്ചു വീഴ്ത്തിയ കേസിൽ ഹരിയാന സ്വദേശി കല്യാൺ ബെയ്‌ൻസ്‌ലയും സഹയാത്രികൻ ലാവ്‌നീഷ് ഗുർജാറും അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസയിൽ വച്ചാണ് ഇവരെ പിടികൂടിയത്. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഗുരുഗ്രാം പൊലീസ് ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
അതിനിടെ കല്യാൺ ബെയ്‌ൻസ്‌ല പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
ഞായറാഴ്‌ച ഡൽഹി അതിർത്തിയായ ഗുരുഗ്രാമിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം സ്പോർട്സ് ബൈക്കിൽ പോകുകയായിരുന്ന സിയയെ പ്രതികൾ ശല്യപ്പെടുത്തുകയും കാറിടിച്ചുവീഴ്ത്തുകയുമായിരുന്നു. ഗോൾഫ് കോഴ്‌സ് റോഡിൽ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുന്നതിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ശേഷം കാർ നിറുത്താതെ പോയതിനെ സിയ ചോദ്യം ചെയ്‌തതിന് പിന്നാലെ കല്യാൺ ബെയ്‌ൻസ്‌ല ഒളിവിലാകുകയും അഞ്ജാത സ്ഥലത്തുനിന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്‌തിരുന്നു. ബൈക്ക് ഓടിച്ചത് വനിതയാണെന്ന് അറിയാതെയാണ് ഇടിച്ചതെന്നും പറഞ്ഞു. പുരുഷ യാത്രികർക്കൊപ്പം അപകടകരമായ രീതിയിലാണ് ബൈക്ക് ഓടിച്ചതെന്നും അയാൾ ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |