SignIn
Kerala Kaumudi Online
Sunday, 31 May 2026 11.07 AM IST

യുദ്ധസന്നദ്ധം ; പാക്ഭീകരത അടിച്ചമർത്താൻ ഇന്ത്യ, പാകിസ്ഥാനെ ലക്ഷ്യമിട്ട് ഐ.എൻ.എസ് വിക്രാന്ത്

READ ENGLISH VERSION

d

ശിക്ഷ അവർ സങ്കല്പിക്കുന്നതിലും

അപ്പുറമായിരിക്കും: മോദി

# കരസേനാ മേധാവി കാശ്മീരിലേക്ക്

# അറബിക്കടലിൽ മിസൈൽ പരീക്ഷണം

# സെൻട്രൽ സെക്ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ

# അതിർത്തി കടന്ന ബി.എസ്.എഫ് ജവാൻ പാക് കസ്റ്റഡിയിൽ

ന്യൂഡൽഹി: കാശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ ചുട്ടമറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 2019 സെപ്‌തംബർ 29ന് പാക് അതിർത്തിയിൽ ഇന്ത്യ നടത്തിയ സർജിക്കൽ ആക്രമണത്തിന് 11 ദിവസം മുൻപ് പ്രധാനമന്ത്രി സമാന മുന്നറിയിപ്പ് നൽകിയിരുന്നു.

സൈനിക നടപടിക്ക് മടിക്കില്ലെന്നതിന്റെ സൂചനയായി അറബിക്കടലിൽ കപ്പലിൽനിന്ന് നാവിക സേന മിസൈൽ പരീക്ഷണം നടത്തി. നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് അറബിക്കടലിൽ പാകിസ്ഥാന്റെ ജലാതിർത്തിയിലേക്ക് നീങ്ങി. 40 യുദ്ധവിമാനങ്ങളും പത്തു ഹെലികോപ്ടറുകളും 64 മിസൈലുകളും വഹിക്കാൻ ശേഷിയുണ്ട്. സെൻട്രൽ സെക്ടറിൽ വൻ വ്യോമാഭ്യാസം നടത്തി.

സുരക്ഷ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ത്രിവേദി ഇന്ന് ജമ്മുകാശ്‌മീരിലെത്തും. ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര യോഗങ്ങൾ.

കഴിഞ്ഞദിവസം പാകിസ്ഥാനെതിരെ പ്രഖ്യാപിച്ച നടപടികളിലേക്ക് ഇന്ത്യ കടന്നു. പാക് പൗരൻമാർക്കുള്ള വിസ നടപടികൾ നിറുത്തലാക്കി. 27നകം പാകിസ്ഥാൻ പൗരന്മാർ രാജ്യം വിടണം. മെഡിക്കൽ വിസ കാലാവധി ഏപ്രിൽ 29വരെ.

ബീഹാറിലെ മധുബനിയിൽ നടന്ന ചടങ്ങിലാണ് പാകിസ്ഥാനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്. ഉത്തരവാദികളായ ഭീകരരും ഗൂഢാലോചന നടത്തിയവരും അവർ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നേരിടേണ്ടിവരും.

ഭീകരത ഇന്ത്യയുടെ ആത്മാവിനെ ഒരിക്കലും തകർക്കില്ല. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദികളെ ഉന്മൂലനം ചെയ്യും. ഭൂമിയുടെ ഏതറ്റം വരെയും ഇന്ത്യ അവരെ പിന്തുടരും. ഇന്ത്യയെ പിന്തുണച്ച രാജ്യങ്ങളിലെ ജനങ്ങളോടും നേതാക്കളോടും അദ്ദേഹം നന്ദി അറിയിച്ചു.

പരീക്ഷണം ഐ.എൻ.എസ് സൂററ്റിൽ

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം കമ്മിഷൻ ചെയ്‌ത ഐ.എൻ.എസ് സൂററ്റ് എന്ന യുദ്ധക്കപ്പലിൽ നിന്നുള്ള മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നാവിക സേന പുറത്തുവിട്ടത്. കപ്പലിൽ നിന്ന് വിക്ഷേപിച്ച് ആകാശ ലക്ഷ്യം തകർക്കുന്ന മദ്ധ്യദൂര വ്യോമ പ്രതിരോധ മിസൈലാണ് അറബിക്കടലിൽ പരീക്ഷിച്ചത്.

-ഇന്ത്യയുടെ നിലപാട് വിശദീകരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി ജയശങ്കറും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തി

യു.എസ്, റഷ്യ, ഫ്രാൻസ്, ചൈന, കാനഡ, റഷ്യ, ജപ്പാൻ, ജർമ്മനി, പോളണ്ട്, യു.കെ, ഇറ്റലി, ഖത്തർ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ അംബാസഡർമാരെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി ഭീകരാക്രമണവും ഇന്ത്യയുടെ നിലപാടും വിശദീകരിച്ചു

പാകിസ്ഥാൻ കൈക്കൊണ്ടത്

 നിയന്ത്രണ രേഖയെ മാനിക്കുന്ന 1972ലെ സിംല കരാർ പാകിസ്ഥാൻ മരവിപ്പിച്ചു. എല്ലാ ഉഭയകക്ഷി കരാറും മരവിപ്പിക്കും

 പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക്

 വാഗാ അതിർത്തി അടച്ചു

 വാണിജ്യ ഇടപാടുകൾ മരവിപ്പിച്ചു

 ഇന്ത്യൻ മിലിട്ടറി അറ്റാഷെമാർ ഏപ്രിൽ 30നുള്ളിൽ രാജ്യം വിടണം

 സിക്ക് തീർത്ഥാടകർ ഒഴികെയുള്ള ഇന്ത്യൻ പൗരൻമാർക്ക് വിലക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360