SignIn
Kerala Kaumudi Online
Sunday, 31 May 2026 5.06 AM IST

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്: തൂത്തുവാരി ആം ആദ്മി

d

ചണ്ഡിഗർ: പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി തൂത്തുവാരി. 1977 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 958 ഇടത്തും വിജയിച്ചു. രാജ്യസഭാ എം.പി രാഘവ് ഛദ്ദയും മറ്റു ആറ് നേതാക്കളും ബി.ജെ.പിയിൽ ചേർന്നതുൾപ്പെടെ തിരിച്ചടികളും കൂറുമാറ്റങ്ങളും നേരിട്ട പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഫലമാണിത്. 397 വാർഡുകളിൽ ജയിച്ച് കോൺഗ്രസ് രണ്ടാമതെത്തി. 251 വാർഡുകളിൽ സ്വതന്ത്രർ മൂന്നാമതെത്തി. ശിരോമണി അകാലിദൾ 191 വാർഡുകളിൽ ജയിച്ചു.

167 വാർഡുകളിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ബി.എസ്.പി ഏഴിടത്തായി ചുരുങ്ങി. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പത്താൻകോട്ടിലെ 50 വാർഡുകളിൽ 23ഉം ആം ആദ്മി പിടിച്ചെടുത്തു. മൊഹാലി, ഭട്ടിൻഡ,അബോഹർ,ബർണാല,കപൂർത്തല,മോഗ,പട്യാല,പത്താൻകോട്ട് എന്നിങ്ങനെ എട്ട് മുൻസിപ്പൽ കോർപറേഷനുകളിലും 75 മുൻസിപ്പൽ കൗൺസിലുകളിലേക്കും 19 നഗര പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി അബോഹർ മുൻസിപ്പൽ കോർപ്പറേഷനിലും കോൺഗ്രസ് കപൂർത്തലയിലും വിജയക്കൊടി പാറിച്ചു. കഴിഞ്ഞ കഴിഞ്ഞ 26നായിരുന്നു തിരഞ്ഞെടുപ്പ്. 63.94 ആയിരുന്നു പോളിംഗ് ശതമാനം. 7,​554 സ്ഥാനാർത്ഥികളിൽ 80 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ഇ.ഡി പാ‌ർട്ടിയെ തുടച്ചുനീക്കി: കേ‌ജ്‌രിവാൾ

പഞ്ചാബിലെ ചെറുകിട വ്യാപാരികളുടെ വീടുകളിൽ വരെ ഇ.ഡിയെ കയറ്റിയിറക്കി ജനങ്ങളെ അപമാനിച്ചതിനുള്ള തിരിച്ചടിയാണിതെന്ന് ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. 'ഇ.ഡി പാർട്ടി"യെ തുടച്ച് നീക്കിയ ജനങ്ങളെ അഭിനന്ദിക്കുന്നു. ബി.ജെ.പിക്കെതിരെ ജനങ്ങളുടെ പ്രതികാരമാണിത്. പഞ്ചാബിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഭഗവന്ത് മൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ ജനവിധിയെ കാണുന്നു. നല്ല കാര്യങ്ങൾ ചെയ്യുന്നത് തുടരുമെന്നും കേജ്‌രിവാൾ പറഞ്ഞു. വിഭാഗീയതയുടെ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിച്ച ജനങ്ങളാണ് ഹീറോയെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360