SignIn
Kerala Kaumudi Online
Thursday, 25 June 2026 2.20 PM IST

ഉത്തരവ് ഇഷ്ടപ്പെട്ടില്ല; ചീഫ് ജസ്റ്റിസിന്റെ  സഹോദരനെ വിളിച്ചു വെട്ടിലായി വെറുതേ വിടില്ലെന്ന് കോടതി

READ ENGLISH VERSION
supremecourt-

ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശനത്തിലെ സംവരണക്വാട്ട തരപ്പെടുത്താൻ വിദ്യാർത്ഥി ബുദ്ധമതത്തിലേക്ക് മാറിയതാണോയെന്ന് സംശയമുണ്ടായപ്പോൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു. നടപടി വിദ്യാർത്ഥിയുടെ പിതാവിനെ ചൊടിപ്പിച്ചു. ഫോണെടുത്ത് നേരേ ചീഫ് ജസ്റ്റിസിന്റെ സഹോദരനെ വിളിച്ച് എങ്ങനെ ഇത്തരത്തിൽ ഉത്തരവിടാൻ കഴിയുമെന്ന് ചോദിച്ചു. സഹോദരൻ ഉടൻ സൂര്യകാന്തിനെ വിവരം അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് തന്നെയാണ് തുറന്നകോടതിയിൽ പറഞ്ഞത്. എന്ത് ഉത്തരവിടണമെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞുതരുമോയെന്ന് അഭിഭാഷകനോട് ചോദിച്ചു. ഭീഷണിപ്പെടുത്തുകയാണോ ? ഇനിയൊരിക്കലും ഇങ്ങനെ ചെയ്യാൻ ധൈര്യപ്പെടാത്ത തരത്തിൽ ഇത്തരക്കാരെ ശക്തമായി കൈകാര്യം ചെയ്യും. ഇന്ത്യയ്‌ക്ക് പുറത്തു പോയി ഒളിച്ചാലും എന്തു ചെയ്യണമെന്ന് അറിയാം. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാനുള്ള ശ്രമമാണെങ്കിൽ അതു നടക്കില്ല. ഇത്തരം ശക്തികളെ 23 വ‌ർഷമായി കാണുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തി. കോടതിയലക്ഷ്യനടപടിയിലേക്ക് നീങ്ങുമെന്ന സൂചനയും നൽകി. താൻ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. കോടതിയോട് മാപ്പും പറഞ്ഞു. ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥിയാണ് ഹർജിക്കാരൻ. ഹിന്ദുമതത്തിൽ നിന്നുമാറി ബുദ്ധമതം സ്വീകരിച്ചെന്നും മീററ്റിലെ ബുദ്ധമത വിദ്യാഭ്യാസ സ്ഥാപനമായ സുഭാർതി മെഡിക്കൽ കോളേജിൽ ന്യൂനപക്ഷ ക്വാട്ടയിൽ പ്രവേശനം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി കോടതിയെ സമീപിച്ചത്. മതപരിവർത്തനത്തിന്റെ ഉദ്ദേശ്യത്തിൽ സംശയം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, വിദ്യാർത്ഥിയുടെ ന്യൂനപക്ഷ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360