SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

ഹിമന്തയുടെ ഭാര്യക്കെതിരെ ആരോപണം; പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

e

ന്യൂഡൽഹി: അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരായ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ആരോപണം തിരിച്ചുകൊത്തുന്നു. അപകീർത്തിപ്പെടുത്തൽ,വ്യാജരേഖാ നിർമ്മാണം,ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയ കേസിൽ പവൻ ഖേരയ്‌ക്ക് മുൻകൂർ ജാമ്യം നൽകാൻ ഗുവാഹത്തി ഹൈക്കോടതി തയ്യാറായില്ല. ആരോപണമുന്നയിക്കാൻ ആധാരമായ വ്യാജരേഖകളാരാണ് ഖേരയ്‌ക്ക് കൈമാറിയതെന്ന് കണ്ടെത്തണം. അതിന് ഖേരയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിലപാടെടുത്തു.

മുഖ്യമന്ത്രിക്കെതിരെയാണെങ്കിൽ അത് രാഷ്ട്രീയമാണെന്ന് മനസിലാക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ രാഷ്ട്രീയത്തിലില്ല. എന്നാൽ രാഷ്ട്രീയനേട്ടത്തിനായി നിരപരാധിയായ സ്ത്രീയെ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്ന് ജസ്റ്റിസ് പാ‌ർത്ഥിവ് ജ്യോതി സൈകിയയുടെ ബെഞ്ച് നിരീക്ഷിച്ചു. വെറും അപകീർത്തിക്കേസല്ല. ആരോപണങ്ങൾ തെളിയിച്ചിട്ടുമില്ല. അന്വേഷണത്തോട് സഹകരിക്കാതെ മാറി നിൽക്കുകയാണ് ഖേരയെന്നും കൂട്ടിച്ചേർത്തു. ഹിമന്തയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മയ്‌ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകളും യു.എസിൽ കമ്പനിയുമുണ്ടെന്നായിരുന്നു ആരോപണം.

രാഷ്ട്രീയ പ്രേരിതം

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പവൻ ഖേരയുടെ വാദം. തന്നെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ടാണെന്ന് അറിയിച്ചു. എന്നാൽ വാദമുഖങ്ങൾ ഹൈക്കോടതി മുഖവിലയ്‌ക്കെടുത്തില്ല. അസാം പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തേ കോൺഗ്രസ് നേതാവിന്റെ ഡൽഹിയിലെ വസതിയിൽ അന്വേഷണസംഘമെത്തിയിരുന്നു. പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം നൽകിയത് സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു. അസാം സർക്കാരിന്റെ ഹ‌ർജിയിലായിരുന്നു നടപടി. ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360