
ന്യൂഡൽഹി: ജൂൺ 21ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് യു.ജി പരീക്ഷയിൽ സമൂല മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നീക്കം. ഇതിന്റെ ആദ്യപടിയായി ചോദ്യപേപ്പറിന്റെ സുരക്ഷിതമായ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടാൻ തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഒരു വാർത്താചാനലിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ജൂൺ മാസത്തിലെ കാലാവസ്ഥ, സുരക്ഷ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ തപാൽ വകുപ്പ് വഴിയായിരുന്നു ചോദ്യപേപ്പർ വിതരണം ചെയ്തിരുന്നത്. ഇനി ഇതിനായി വ്യോമസേനയുടെ സഹായം കൂടി തേടും. ഇത് ചോദ്യപേപ്പറുകൾ കൃത്യസമയത്ത് എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. പരീക്ഷ സുതാര്യമായും സുഗമമായും നടത്തുന്നതിന് സർക്കാർ പൂർണ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേയ് മൂന്നാംതീയതി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയതിനാലാണ് നീറ്റ് യു,ജി പരീക്ഷ വീണ്ടും നടത്തുന്നത്. വ്യാഴാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, കമ്യൂണിക്കേഷൻസ് വകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ പങ്കെടുത്ത ഉന്നത തലയോഗം നടന്നിരുന്നു. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും പരീക്ഷയുടെ സുരക്ഷ ശക്തമാക്കുന്നതിനുമുള്ള മാർഗങ്ങളേക്കുറിച്ച് യോഗം ചർച്ചചെയ്തു. ഈ യോഗത്തിലാണ് ചോദ്യപേപ്പർ വിതരണത്തിന് വായുസേനയുടെ സേവനം ഉപയോഗപ്പെടുത്താമെന്ന നിർദേശം പരിഗണിക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |