SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

ഡൽഹി ഹൈക്കോടതി പരിശോധിക്കും, ടെലിഗ്രാം നിരോധനം നിയമപരമോ?​ ഭീകരരുടെയും കൂടാരമാണതെന്ന് കേന്ദ്രം

d

ന്യൂ‌ഡൽഹി: ടെലിഗ്രാം ആപ്പിന്റെ താത്കാലിക നിരോധനം നിയമപരമാണോയെന്ന് പരിശോധിക്കുമെന്ന് ഡൽഹി ഹൈക്കോടതി. വിധി ഇന്ന് പറയും. ടെലിഗ്രാം അധികൃതർ സമർപ്പിച്ച ഹർജിയിൽ ഇന്നലെ വിശദമായ വാദം കേട്ടു. നീറ്റുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള 900ത്തിൽപ്പരം ലിങ്കുകൾ നീക്കം ചെയ്‌തിരുന്നുവെന്നും ഏകപക്ഷീയ നടപടിയാണുണ്ടായതെന്നും ടെലിഗ്രാം അറിയിച്ചു. നീറ്ര് പരീക്ഷയെഴുതുന്ന ഒരുകൂട്ടം വിദ്യാ‌ർത്ഥികളുടെ കാര്യം പറഞ്ഞുകൊണ്ട് ഇത്തരത്തിൽ വിലക്കേർപ്പെടുത്താൻ കഴിയുമോയെന്ന് ജസ്റ്റിസ് തേജസ് കരിയ കേന്ദ്രസർക്കാരിനോട് ചോദിച്ചു. ടെലിഗ്രാം ക്രിമിനലുകളുടെയും ഭീകരരുടെയും കൂടാരമെന്ന് സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു.

ഞായറാഴ്ച നീറ്റ് യു.ജി പുനഃപരീക്ഷ നടക്കുന്ന പശ്ചാത്തലത്തിലാണ് ടെലിഗ്രാം ആപ്പിന്റെ പ്രവർത്തനം കേന്ദ്രസർക്കാർ 22 വരെ നിരോധിച്ചത്.അതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ അദ്ധ്യക്ഷതയിൽ നീറ്റ് യു.ജി പുനഃപരീക്ഷയുടെ തയ്യാറെടുപ്പുകൾ ഇന്നലെ വിലയിരുത്തി.

ഡാർക്ക് വെബ്

പുതിയ ഡാർക്ക് വെബ്ബാണ് ടെലിഗ്രാം എന്ന് സോളിസിറ്റ‌ർ ജനറൽ പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ടെലിഗ്രാം ആപ്പിലൂടെ പ്രചരിച്ചിരുന്നു. 'നീറ്റ് മാഫിയ" എന്ന പേരിൽ ടെലിഗ്രാം ചാനൽ പോലുമുണ്ടായിരുന്നു. ഈ ആപ്പിന്റെ ഫീച്ചേഴ്സ് കാരണം അധികൃതർക്ക് ക്രിമിനലുകളെ ട്രാക്ക് ചെയ്യാൻ കഴിയുന്നില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്ന വ്യാജ അക്കൗണ്ടുകളുണ്ട്. ടെലിഗ്രാമുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പുക്കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നുവെന്നും കേന്ദ്രസർക്കാർ വാദിച്ചു.

വെരിഫിക്കേഷൻ

പിന്നീട് മതി

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനു മുൻപ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കണമെന്നത് മാറ്റി. ഫീസ് റീഫണ്ടിന്റെ ആവശ്യത്തിനായുള്ള ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ പിന്നീട് നടത്തിയാൽ മതിയാകും. പുനഃപരീക്ഷ നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ അടച്ചിരുന്ന ഫീസ് തിരികെ നൽകാൻ എൻ.ടി.എ തീരുമാനിച്ചിരുന്നു.

സമ്മർദ്ദം വേണ്ട,​

'മനസ് ഉണ്ട്'

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് 'മാനസ്' എന്ന പേരിൽ ഹെൽപ്പ് ലൈൻ തുറന്നു. നമ്പർ- 14416. സാമൂഹിക മാദ്ധ്യമങ്ങളിലെ അഭ്യൂഹങ്ങളിൽ വിദ്യാർത്ഥികൾ വീഴരുതെന്ന് എൻ.ടി.എ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360