
സഖ്യകക്ഷികൾ പിന്നിൽനിന്നു
കുത്തിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഭരണമുണ്ടായിട്ടും സഖ്യകക്ഷികൾ ക്രോസ് വോട്ടിംഗ് നടത്തിയതോടെ, ജാർഖണ്ഡിൽ നിന്ന് മുതിർന്ന നേതാവ് പ്രണവ് ഝായെ രാജ്യസഭയിലെത്തിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച റിലയൻസ് ഇൻഡസ്ട്രീസിലെ കോർപറേറ്റ് കാര്യ ഡയറക്ടർ പരിമൾ നത്വാനി ജയിച്ചു.
ഇതോടെ, രാജ്യസഭയിലെ എൻ.ഡി.എയുടെ അംഗബലം 149ൽ നിന്ന് 152 സീറ്റായി. മദ്ധ്യപ്രദേശിൽ മുതിർന്ന നേതാവ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിന് പിന്നാലെയുള്ള തിരിച്ചടിയാണിത്.
സഖ്യകക്ഷികൾ പിന്നിൽ നിന്ന് കുത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.
രണ്ടു സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 81 അംഗ നിയമസഭയിൽ 28 ഫസ്റ്റ് പ്രഫറൻസ് വോട്ട് വേണമായിരുന്നു. ഭരിക്കുന്ന ഇന്ത്യ മുന്നണിക്ക് 56 വോട്ടുണ്ട്.
ഭരണത്തിന് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയിൽ ഉൾപ്പെട്ട ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെ.എം.എം) ബൈദ്യനാഥ് രാം ആദ്യ സീറ്റിൽ ജയിച്ചു.ജെ.എം.എമ്മിന് 34 വോട്ടുള്ളതിനാൽ 28 കഴിഞ്ഞുള്ള വോട്ട് കോൺഗ്രസിന് നൽകിയെന്നാണ് സൂചന. പതിനാറ് അംഗങ്ങളുള്ള കോൺഗ്രസിന് 28 തികയണമെങ്കിൽ മറ്റൊരു ആറ് വോട്ടുകൂടി വേണമായിരുന്നു. ആർ.ജെ.ഡി 4, സി.പി.ഐ(എം.എൽ) ലിബറേഷൻ 2 എന്നിങ്ങനെ അതു ലഭിക്കേണ്ടതായിരുന്നു. എന്നാൽ കിട്ടിയത് 21 വോട്ടാണ്. 24 വോട്ട് മാത്രമുള്ള എൻ.ഡി.എയുടെ സ്ഥാനാർത്ഥിക്ക് 28 വോട്ട് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസ് ആരോപണവുമായി രംഗത്ത് വന്നത്.
. ബി.ജെ.പി കുതിരക്കച്ചവടം നടത്തിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ആരോപണം സി.പി.ഐ(എം.എൽ) ലിബറേഷൻ പാർട്ടി തള്ളി.
സോറം പീപ്പിൾസ്
മൂവ്‌മെന്റിന് പ്രാതിനിദ്ധ്യം
മിസോറമിൽ ഭരണകക്ഷിയായ സോറം പീപ്പിൾസ് മൂവ്‌മെന്റിന്റെ വക്താവ് കെ.ലാൽലുയാംഗ്കിമ ജയിച്ചു. രാജ്യസഭയിലെ പാർട്ടിയുടെ കന്നി പ്രതിനിധിയാകും. മിസോ നാഷണൽ ഫ്രണ്ട് നോമിനി സോതൻസംഗി ഹമറിനെയാണ് തോൽപ്പിച്ചത്. രണ്ട് എം.എൽ.എമാരുള്ള ബി.ജെ.പിയും, ഒരു എം.എൽ.എയുള്ള കോൺഗ്രസും വോട്ടെടുപ്പിൽ വിട്ടുനിന്നു.
വോട്ടെടുപ്പ് മൂന്ന് സീറ്റിലേക്ക്
പത്ത് സംസ്ഥാനത്തെ 24 രാജ്യസഭാ സീറ്റ് നികത്താനായിരുന്നു തിരഞ്ഞെടുപ്പ്. 21 സീറ്റിൽ സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ബാക്കിയുള്ള മൂന്ന് സീറ്റിലേക്കായിരുന്നു വോട്ടെടുപ്പ്. ജാർഖണ്ഡിലെ രണ്ട് സീറ്റിലേക്കും, മിസോറമിലെ ഒരിടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |