
ഹൂസ്റ്റൺ : ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി കപ്പടിക്കുമെന്ന് നിശ്ചയിച്ചുറപ്പിച്ചെത്തിയ പോർച്ചുഗലിന്റെ ആദ്യമത്സരത്തിലെ പ്രകടനം കണ്ട ആരാധകരൊക്കെ വല്ലാത്തൊരവസ്ഥയിലാണ്. കളി സമനിലയിലായെങ്കിലും പോർച്ചുഗൽ കളിക്കാരുടേയും ആരാധകരുടേയുമൊക്കെ സമനില നഷ്ടപ്പെടാൻ തുടങ്ങിയ മട്ടാണ്. ആറാം മിനിട്ടിൽ യാവോ നെവസിലൂടെ ഗോളടിച്ചിട്ടും കളിയിൽ ആധിപത്യമുറപ്പിക്കാനാവാത്ത പോർച്ചുഗലിന്റെ പതിഞ്ഞമട്ടിലെ കളിയും പഴയ തന്റെ നിഴലുപോലുമല്ലാതായി മാറിയ ക്രിസ്റ്റ്യാനോയുമൊക്കെ ആരാധകരുടെയുള്ളിൽ രോഷം ജനിപ്പിക്കുന്നു.
മത്സരത്തിൽ കോംഗോ കാഴ്ചവച്ച വേഗവും ആക്രമണവീര്യവും പോർച്ചുഗീസ് താരങ്ങളിൽ നിന്ന് ഉണ്ടായതേയില്ല. സ്പെയ്നിനെ തളയ്ക്കാൻ കേപ് വെർദേ പുറത്തെടുത്തപോലെ ബസ് പാർക്കിംഗ് ഡിഫൻസൊന്നും കോംഗോയിൽ നിന്നുണ്ടായില്ല. അതേസമയം തങ്ങളുടെ ബോക്സിനുള്ളിലെത്തുന്ന എതിർനീക്കങ്ങളെ നിർവീര്യമാക്കി ഞൊടിയിടയിൽ കൗണ്ടർ അറ്റാക്ക് നടത്താൻ അവർ ഒന്നിച്ച് കുതിച്ചെത്തുകയും ചെയ്തു. മറുവശത്ത് പോർച്ചുഗലാകട്ടെ ഗോളിക്ക് ബാക് പാസുകൾ നൽകി കളിയുടെ വേഗം കുറയ്ക്കുകയായിരുന്നു. ഗോളി ഡീഗോ കോസ്റ്റയാകട്ടെ വേഗത്തിൽ പന്ത് മുന്നേറ്റത്തിനെത്തിക്കുന്നതിന് ശ്രമിച്ചതുമില്ല.
നിറംകെട്ട്
ക്രിസ്റ്റ്യാനോ
മത്സരത്തിന് ശേഷം ഏറ്റവും സങ്കടത്തോടെ നിന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ആറാം ലോകകപ്പിനിറങ്ങിയ താരത്തിന് 25 തവണമാത്രമാണ് പന്ത് തൊടാനായത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും തൊടുക്കാനായില്ല. രണ്ടാം പകുതിയിൽ ലഭിച്ച രണ്ട് അവസരങ്ങളും പാഴാക്കി. 90 മിനിട്ടും കളിച്ചിട്ടും ക്രിസ്റ്റ്യാനോയ്ക്ക് മത്സരത്തിൽ ഒരു സ്വാധീനവും ചെലുത്താനായില്ല. തന്നെ മാർക്ക് ചെയ്ത് നിന്നവർക്കിടയിലൂടെ ഉലാത്തുകയായിരുന്നു മിക്കസമയവും. മത്സരശേഷം നിരാശയോടെ ഒറ്റയ്ക്ക് നടന്നുനീങ്ങുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോയും വൈറലായി. ക്രിസ്റ്റ്യാനോ മടങ്ങുമ്പോൾ കോംഗോ ആരാധകർ മെസിയുടെ പേരുപറഞ്ഞ് കളിയാക്കുകയും ചെയ്തു.
10
കഴിഞ്ഞ ലോകകപ്പിലും യൂറോകപ്പിലുമായി തുടർച്ചയായ 10 മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോയ്ക്ക് ഗോൾ നേടാനാകാതിരിക്കുന്നത്. കഴിഞ്ഞലോകകപ്പിൽ ഘാനയ്ക്ക് എതിരെ പെനാൽറ്റിയിൽ നിന്ന് ഒരു ഗോൾ മാത്രമാണ് താരത്തിന് നേടാനായത്. 2024 യൂറോകപ്പിൽ പെനാൽറ്റിയിൽ നിന്നുപോലും ഗോൾ നേടാനായില്ല.
ഇതായിരുന്നില്ല ഞങ്ങൾ ആഗ്രഹിച്ച തുടക്കം. കഴിഞ്ഞത് കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളിൽ തലയുയർത്തി പോരാടും
- ക്രിസ്റ്റ്യാനോ റൊണാൾഡോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |