
ചെന്നൈ: 'വീണ്ടും പരീക്ഷയെഴുതാൻ എനിക്ക് പേടിയാണ്. അച്ഛൻ എനിക്കായി ഒരുപാട് പണം ചെലവഴിച്ചു. ഇനി എങ്ങനെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കുമെന്ന് അറിയില്ല". - പ്രിയപ്പെട്ടവർക്ക് മെസേജ് അയച്ചശേഷം തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിൽ കോവൈപുതൂരിലെ പാർക്ക് ടൗൺ സ്വദേശിയായ അനു കീർത്തനയാണ് (19) ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അനുകീർത്തനയുടെ വാട്സ്ആപ്പ് സന്ദേശം കണ്ട്
ഓടിയെത്തിയ ബന്ധുക്കൾ കണ്ടത് വിഷം കഴിച്ച് അബോധാവസ്ഥയിലായ നിലയിൽ. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഒരുവർഷമായി നീറ്റ് പരിശീലനത്തിലായിരുന്നു. ഇക്കുറി മെഡിക്കൽ കോളേജിൽ പ്രവേശനം നേടുമെന്ന പ്രതീക്ഷയ്ക്കിടെയാണ് പരീക്ഷ റദ്ദാക്കിയതും പുനഃപരീക്ഷ പ്രഖ്യാപിച്ചതും. ഇത് അനുകീർത്തനയെ നിരാശയിലാക്കിയിരുന്നു.
ടാസ്മാക് ട്രേഡ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറിയാണ് അനുകീർത്തനയുടെ പിതാവ് സെന്തിൽ പ്രഭു. സംഭവത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തി. നീറ്റ് നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലുടനീളം പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയായ റിയ കുമാരി താപ്പയും (23) രാജസ്ഥാനിലെ സികർ സ്വദേശിയായ 22കാരനും നീറ്റ് സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |