
ദുബായ്: കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യു.എ.ഇ. 15 വയസിന് താഴെയുളള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് വിലക്ക്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അഷ മക്തൂമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.
ഇതനുസരിച്ച് 15വയസിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്ക്,, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സ്വയം പ്രൊഫൈലുകൾ നിർമ്മിക്കുന്നതും കമന്റ് ചെയ്യുന്നതും ഗ്രൂപ്പുകളിലും ഓപ്പൺ ചാനലുകളിലും ഭാഗമാകുന്നതും പൂർണമായി നിരോധിച്ചു. മാതാപിതാക്കളുടെ സമ്മത പത്രമുണ്ടെങ്കിൽപോലും നിരോധനത്തിൽ ഇളവ് ലഭിക്കില്ല. പ്ലാറ്റ്ഫോമുകളിലെ എല്ലാ വിധ ഫീച്ചറുകളും പൂർണമായി ഉപയോഗിക്കാൻ കുട്ടികൾക്ക് സാധിക്കില്ല. 15നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും ഇവർക്ക് കർശനമായ നിയന്ത്രണമുണ്ടാകും.
ജനന തീയതി രേഖപ്പെടുത്തിക്കൊണ്ട് മാത്രം കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കടന്നുകൂടാൻ സാധിക്കില്ല. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രായപരിശോധന രീതികളും സർക്കാർ അംഗീകൃത ഡിജിറ്റൽ ഐഡന്റിറ്റി പരിശോധനയും സോഷ്യൽ മീഡിയ കമ്പനികളിൽ നടപ്പാക്കേണ്ടി വരും . പുതിയ നിയമങ്ങൾ പാലിക്കാൻ സോഷ്യൽ മീഡിയാ കമ്പനികൾക്ക് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട് .
ബ്രിട്ടനും ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ നിയമം നടപ്പാക്കിയിട്ടുണ്ട്. മലേഷ്യയും ഇന്തോനേഷ്യയും സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |