SignIn
Kerala Kaumudi Online
Thursday, 04 June 2026 1.46 AM IST

പഹൽഗാം: എൻ.ഐ.എ ചൈനീസ് ഫോണുകളുടെ പിന്നാലെ

d

ന്യൂഡൽഹി: പാക് ഭീകരർ ഉപയോഗിച്ച ചൈനീസ് ഫോണുകൾ പഹൽഗാം ആക്രമണത്തിന്റെ ഗൂഢാലോചനയുടെ ചുരുളഴിക്കാനുള്ള നിർണായക തെളിവാകുമെന്ന് എൻ.ഐ.എ. 2025 ജൂലായ് 28 ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരിൽ നിന്ന് കണ്ടെടുത്ത രണ്ട് ചൈനീസ് നിർമ്മിത സ്മാർട്ട്‌ഫോണുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ എൻ.ഐ.എയ്‌ക്ക് ലഭിച്ചു.

പിടിച്ചെടുത്ത ഓറഞ്ച് നിറത്തിലുള്ള റെഡ്മി 9ടി, കറുപ്പ് നിറമുള്ള റെഡ്മി നോട്ട് 12 ഫോണുകളുടെ പാക് ബന്ധം ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഭീകരർക്ക് ലഭിക്കും മുൻപ് ഇവ ഷവോമിയുടെ വിതരണ ശൃംഖലയിലൂടെ പാകിസ്ഥാനിൽ എത്തിയെന്നാണ് ഐ.എം.ഇ.ഐ നമ്പർ വഴി നടത്തിയ അന്വേഷണത്തിൽ എൻ .ഐ .എയ്ക്ക് ലഭിച്ച വിവരം. 2021 ജനുവരി ഒന്നിന് പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായുള്ള ടെക് സിറാത്ത് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഫോണിലൊന്ന് ഇറക്കുമതി ചെയ്‌‌തത്. അവ സ്വീകരിച്ച ബാങ്കിന് ഭീകരരുമായി ബന്ധമുണ്ടെന്ന് നേരത്തെ തെളിഞ്ഞതാണ്. നിരോധിത ഭീകര സംഘടനകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ഈ ബാങ്കിലുണ്ട്.

പിന്നീട് ഭീകരർക്ക് കൈമാറിയ ഫോണുകൾ ആക്രമണത്തിന് തൊട്ടു മുൻപാണ് സജീവമാക്കിയത്. അതിനർത്ഥം പാകിസ്ഥാനിൽ എത്തിയതിന് ശേഷം റെഡ്മി 9ടി ഫോൺ ഏകദേശം നാല് വർഷം പ്രവർത്തിച്ചിട്ടില്ല. ഫോൺ സുരക്ഷിതമായി വച്ച് ഭീകര ദൗത്യത്തിനായി കൈമാറിയെന്നാണ് എൻ.ഐ.എയുടെ നിഗമനം.

2023 ൽ പാകിസ്ഥാനിൽ ഇറക്കുമതി ചെയ്‌ത രണ്ടാമത്തെ ഫോണും ആക്രമണത്തിന് തൊട്ടുമുമ്പാണ് പ്രവർത്തിപ്പിച്ചത്. ഫോറൻസിക് പരിശോധനയിൽ രണ്ടിലും കോൾ ലോഗുകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, സോഷ്യൽ മീഡിയ ചാറ്റുകൾ, ഇന്റർനെറ്റ് ഡാറ്റ എന്നിവ കണ്ടെത്തിയില്ല. ആശയവിനിമയത്തിന് ഭീകരർ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പകരം റേഡിയോ കമ്മ്യൂണിക്കേഷൻ ഉപയോഗിച്ചെന്നാണ് വിവരം.

എന്നാൽ ആക്രമണം നടന്ന ബൈസരൻ വാലിയുടെ ഭൂമിശാസ്‌ത്രം മനസിലാക്കാനും വഴികൾ പഠിക്കാനും ഫോണിൽ നാവിഗേഷൻ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തിരുന്നു. ഏപ്രിൽ 15, 16 തീയതികളിലെ താഴ്‌വരയുടെ നിരവധി സ്‌ക്രീൻഷോട്ടുകൾ ഫോണുകളിൽ നിന്ന് കണ്ടെടുത്തു.

ഭീകരിൽ നിന്ന് കണ്ടെടുത്ത ഒരു ഗോപ്രോ ആക്ഷൻ ക്യാമറയും ചൈനയിൽ നിന്ന് വന്നതാണെന്ന് കണ്ടെത്തിയിരുന്നു. ആക്രമണസമയത്ത് ഭീകരർ ഇത്തരം കാമറകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ പിന്നീട് ഓൺലൈനിൽ പ്രചരിപ്പിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360