
ന്യൂഡൽഹി: പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസ് മൂല്യ നിർണയവുമായി ബന്ധപ്പെട്ട മുഴുവൻ ഡേറ്റയും സ്വകാര്യ കമ്പനിയായ കോയെംപ്‌റ്റിൽ നിന്ന് സി.ബി.എസ്.ഇയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സെർവറുകളിലേക്ക് മാറ്റി.
പുതുതായി ഏർപ്പെടുത്തിയ ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സംവിധാനവുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയർന്ന ഉയർന്ന പശ്ചാത്തലത്തിലാണിത്. അതേസമയം വിവാദങ്ങൾക്കിടയിലും പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കോയംപ്‌റ്റിന്റെ സേവനം തുടർന്നും ഉപയോഗിക്കാനാണ് തീരുമാനം.
കോയംപ്‌റ്റ് നടത്തിയ ഉത്തരക്കടലാസ് സ്‌കാനിംഗിൽ വലിയ പിഴവുകൾ വന്നിട്ടില്ലെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തൽ. 40 കോടി പേജുകൾ സ്കാൻ ചെയ്‌തതിൽ 30,000 പേജുകളിലാണ് പ്രശ്‌നങ്ങൾ കണ്ടെത്തിയത്. ഓരോ 10,000 പേജുകളിലും ഒന്ന് എന്ന തോതിലാണ് പരാതിയുയർന്നത്. ഇനി പുനർമൂല്യനിർണയ അപേക്ഷകളിൽ പ്രശ്നമുള്ള പേജുകൾ മാത്രമേ സ്കാൻ ചെയ്യേണ്ടതുള്ളൂ, ആ ദൗത്യം പ്രശ്നമില്ലാതെ കോയംപ്‌റ്റ് നിർവഹിക്കുമെന്നാണ് സി.ബി.എസ്.ഇ നിലപാട്.
കോയംപ്‌റ്റിന്റെ സെർവറുകളിലുണ്ടായിരുന്ന ഉത്തരക്കടലാസുകളുടെ സ്‌കാൻ പകർപ്പുകളും അനുബന്ധ ഡേറ്റയുമാണ് സി.ബി.എസ്.ഇ സർവറുകളിലേക്ക് മാറ്റിയത്. ഇതിനായി ഒ.എസ്.എം കോഡിൽ മാറ്റം വരുത്തി. കോയംപ്‌റ്റ് ജീവനക്കാരുടെ സഹായത്തോടെയാണിത് പൂർത്തിയാക്കിയത്.
പുനർമൂല്യ നിർണയ
അപേക്ഷ ഇന്നുവരെ
12-ാം ക്ളാസ് ഉത്തരക്കടലാസ് വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ഇന്ന് അർദ്ധരാത്രി വരെ പ്രത്യേക പോർട്ടൽ വഴി സ്വീകരിക്കും. സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ജൂൺ ആറുവരെ നൽകിയ സമയപരിധി ഒരു ദിവസം കൂടി നീട്ടാൻ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നു. ജൂൺ 2 നാണ് പോർട്ടൽ സജീവമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |