SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.34 AM IST

പുനഃപരീക്ഷയും അത്ര നീറ്റല്ല

READ ENGLISH VERSION
su
NEET

ന്യൂഡൽഹി: ഞായറാഴ്ച നടന്ന നീറ്റ് യു.ജി പുനഃപരീക്ഷയിലും തട്ടിപ്പുകളുടെ വിളയാട്ടം. ബീഹാറിലെ ഹസൻപൂർ,ലഖിസാരായ് സെന്ററുകളിൽ ആൾമാറാട്ട റാക്കറ്റിന്റെ ആറാട്ടായിരുന്നു. മെഡിക്കൽ,നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേർ അറസ്റ്റിലായി. ആൾമാറാട്ടത്തിന് 40 ലക്ഷം വരെ വാങ്ങിയെന്നാണ് മൊഴി. സെന്ററുകളിലെ ബയോമെട്രിക് പരിശോധനയും മറികടന്നാണ് ആൾമാറാട്ടക്കാർ പരീക്ഷാഹാളിലെത്തിയത്. ബയോമെട്രിക് പരിശോധനയ്‌ക്ക് കരാറെടുത്ത കമ്പനിയുടെ 15 ജീവനക്കാരും പിടിയിലായി.

വാരാണസിയിൽ അടിവസ്ത്രത്തിൽ സിം കാർഡും പഴയ ചോദ്യപേപ്പറും ഒളിപ്പിച്ച വിദ്യാർത്ഥിയെ പൊക്കി. തെലങ്കാന രംഗറെഡ്‌ഡി ജില്ലയിലെ സെന്ററിൽ ശുചിമുറിയിൽ മൊബൈൽ ഫോണുമായി വിദ്യാർത്ഥി പിടിയിലായി. ചോദ്യപേപ്പ‌‌ർ വാങ്ങിയശേഷം ശുചിമുറിയിലേക്ക് പോയ വിദ്യാർത്ഥി 10 മിനിട്ട് കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനാൽ ഇൻവിജിലേറ്റ‌ർമാർ അവിടെയെത്തി പരിശോധിച്ചപ്പോൾ ഉത്തരങ്ങൾക്കായി ഗൂഗിളിൽ സെർച്ച് ചെയ്യുന്നതാണ് കണ്ടത്. അതിരാവിലെ ശുചിമുറിയിലെത്തി മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ചു എന്നാണ് പ്രതിയുടെ മൊഴി.

മേയ് 3ലെ പരീക്ഷയിൽ 22.05 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയിരുന്നു. പുനഃപരീക്ഷയിൽ 20 ലക്ഷത്തിൽപ്പരം പേ‌രാണെത്തിയത്. എൻജിനിയറിംഗ് തുടങ്ങി മറ്റു കോഴ്സുകൾ തിരഞ്ഞെടുത്തവർ എത്താത്തതാണ് കുറവിന്റെ മുഖ്യ കാരണമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

കുറ്റമറ്റതാക്കാൻ സി.ബി.‌ടി വരും

ചോദ്യപേപ്പ‌ർ ചോർച്ച ഭീഷണി അടക്കം അവസാനിപ്പിക്കാൻ അടുത്തവ‌ർഷം തന്നെ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്ര്(സി.ബി.‌ടി) രീതി നടപ്പാക്കുമെന്ന് എൻ.ടി.എ ഡയറക്‌ടർ ജനറൽ അഭിഷേക് സിംഗ് വ്യക്തമാക്കി.

പെൻ ആൻഡ് പേപ്പർ(പി.പി.ടി)​ രീതിക്കു പകരം സി.ബി.‌ടി സവിധാനം വരുമെന്ന് കഴിഞ്ഞ മേയ് 15ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം എൻ.ടി.എ സുപ്രീംകോടതിയെയും അറിയിച്ചിരുന്നു.

ഉത്തരം മാറ്റാം

1.അലോക്കേറ്റ് ചെയ്‌ത കമ്പ്യൂട്ടറിൽ വിദ്യാർത്ഥി ലോഗിൻ ഐഡിയും പാസ്‌വേഡും എന്റർ ചെയ്യണം. സ്ക്രീനിൽ ചോദ്യങ്ങൾ വരും

2.മൗസ് ഉപയോഗിച്ച് ഉത്തരം തിരഞ്ഞെടുക്കണം.ഉത്തരം തെറ്രാണെന്ന് പരീക്ഷാസമയത്തിനുള്ളിൽ തോന്നിയാൽ വിദ്യാ‌ർത്ഥിക്ക് മാറ്റം വരുത്താം

വെല്ലുവിളി?​

നിലവിൽ ജെ.ഇ.ഇ മെയിൻ,യു.ജി.സി-നെറ്റ്,ജോയിന്റ് സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്,എൻ.സി.ഇ.ടി പരീക്ഷകൾ സി.ബി.‌ടി രീതിയിലാണ് എൻ.ടി.എ നടത്തുന്നത്. എന്നാൽ,​ നീറ്റ് യു.ജിക്ക് 22 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. അത്രയുംപേർക്ക് കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തുന്നത് വെല്ലുവിളിയാണ്. കമ്പ്യൂട്ടറും അനുബന്ധ സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങൾ അതിനായി കണ്ടത്തേണ്ടിവരും.


ഫലം വേഗത്തിൽ

''കുറ്റമറ്റ പരീക്ഷയാണ് നടന്നത്. ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിലുള്ള വീഡിയോകൾ വ്യാജമാണ്. വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ടെലിഗ്രാം ആപ് നിരോധിച്ചത്. പരീക്ഷാഫലം എത്രയും വേഗമുണ്ടാകും.

-അഭിഷേക് സിംഗ്,​ എൻ.ടി.എ ഡയറക്‌ടർ ജനറൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360