
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിലെ കുറ്റക്കാർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷ നൽകാനുള്ള നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. നീറ്റ് പരീക്ഷ നടത്തുന്ന എൻ.ടി.എയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി പിരിച്ചുവിടുകയും ചെയ്തു.
ചോദ്യപേപ്പർ ചോർച്ച കേസുകൾ പരിഗണിക്കാൻ ഡൽഹിയിൽ പ്രത്യേക അതിവേഗ കോടതി ഡൽഹി ഹൈക്കോടതി രൂപീകരിച്ചു. നീറ്റ് യു.ജി കുറ്റമറ്റതാക്കാനുള്ള പദ്ധതിയെന്തെന്ന് കേന്ദ്രസർക്കാരും എൻ.ടി.എയും വിശദീകരിക്കണമെന്ന് സുപ്രീംകോടതി ഇന്നലെ നിർദ്ദേശിച്ചു.
ഇതിനിടെ, സി.ജെ.പി വക്താക്കളായ സൗരവ് ദാസ്,അശുതോഷ് റാങ്ക എന്നിവരുമായി രണ്ടു മണിക്കൂറോളം കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ,ജിതേന്ദ്ര സിംഗ് എന്നിവരുടെ ചർച്ച നടന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിൻമാറില്ലെന്ന നിലപാടിൽ സി.ജെ.പി ഉറച്ച് നിന്നു. പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്നും ഇന്ന് തീരുമാനമെടുക്കുമെന്നും കേന്ദ്രമന്ത്രിമാർ. ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം, സമരക്കാർക്കെതിരെയുള്ള എഫ്.ഐ.ആറുകൾ പിൻവലിക്കുകയും ഭാവിയിൽ കേസെടുക്കുകയും ചെയ്യരുത് എന്നീ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പും നൽകി.
സംഭവ ബഹുലമായ ഇത്രയും നടപടികൾക്കാണ് ഇന്നലെ ഡൽഹി സാക്ഷ്യം വഹിച്ചത്. സോഷ്യൽ മീഡിയയിൽ കേന്ദ്ര സർക്കാരിന് കാര്യമായ പിന്തുണയില്ലെന്ന് ബോധ്യമായ പ്രധാനമന്ത്രി റീലുകൾ പോസ്റ്റുചെയ്ത് യുവജനങ്ങളുടെ പിന്തുണ ആർജിക്കാൻ മന്ത്രിമാരെ ആഹ്വാനം ചെയ്തു.
എൻ.ടി.എയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ചില ഉദ്യാേഗസ്ഥരും ചോദ്യപേപ്പർ ചോർച്ചകേസിൽ പ്രതികളാവുമെന്നാണ് സൂചന.
തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റ് സ്‌തംഭിച്ചു. കോൺഗ്രസിന് ചർച്ചയോട് താത്പര്യമില്ലെന്ന് മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടു.
മോദിയുടെ നീക്കങ്ങൾ
1 വ്യാഴം രാവിലെ 9.07: പാറ്റകളുടെ സമരം തുടങ്ങിയ ശേഷം മോദിയുടെ ആദ്യ പ്രതികരണം. അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം
2 വ്യാഴം രാത്രി 10.30: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ നീക്കി നരേഷ്‌കുമാർ ഗാംഗ്‌വാറിനെ പകരം നിയമിച്ചു. കേരള കേഡറിലെ ടി.കെ. അനിൽകുമാറിനെ സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു
3 വ്യാഴം രാത്രി 11.52: മോദിയുടെ അസാധാരണ സെൽഫി വീഡിയോ സന്ദേശം. കേന്ദ്ര ക്യാബിനറ്റ് യോഗത്തിൽ കടുത്ത തീരുമാനങ്ങളെടുക്കും. ഇന്നലെ ഉച്ചയ്‌ക്ക് 1 മണിക്കു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഒഫ് അൺഫെയർ മീൻസ്)ആക്‌ട് 2024ൽ ഭേദഗതിക്ക് അംഗീകാരം
4 വാങ്‌ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചു: ഹരിയാന ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലുള്ള വാങ്‌ചുക്കിനെ സന്ദർശിക്കാൻ നദ്ദയെയും ജിതേന്ദ്ര സിംഗിനെയും പറഞ്ഞുവിട്ടു. പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാൻ പാർലമെന്റിൽ ചർച്ച നടത്തുമെന്നതടക്കമുള്ള ഉറപ്പുകൾ നദ്ദ വായിച്ചു കേൾപ്പിച്ചു. 26 ദിവസമായി നടത്തിവന്ന നിരാഹാരം നദ്ദ നൽകിയ വെള്ളം കുടിച്ച് അവസാനിപ്പിച്ചു
5. ഇന്നലെ ഉച്ചയ്‌ക്ക് 12.30: വി.പി ഹൗസിലെ 504ാം നമ്പർ മുറിയിൽ പാറ്റകളും കേന്ദ്രമന്ത്രിമാരുമായി ചർച്ച നടന്നതും മോദിയുടെ നിർദ്ദേശപ്രകാരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |