ലക്നൗ: പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽ കുടുങ്ങി ഗർഭസ്ഥശിശു മരിച്ചു. ആഗ്ര സ്വദേശിയായ നിധി (25) എന്ന യുവതിക്ക് പ്രസവവേദനയുണ്ടായതിനെ തുടർന്നാണ് ആംബുലൻസിന്റെ സേവനം തേടിയത്. മഴയിൽ തകർന്ന വില്ലേജ് ലിങ്ക് റോഡിലെ വലിയ കുഴിയിലേക്ക് ആംബുലൻസ് മറിഞ്ഞ് കുടുങ്ങുകയായിരുന്നു. സെപ്തംബർ മൂന്നിന് പുലർച്ചെയായിരുന്നു സംഭവം.
കനത്ത മഴയ്ക്കിടെയാണ് സംഭവം. വാഹനം കുഴിൽ വീണ് നീങ്ങാൻ കഴിയാതെ വന്നതോടെ നാട്ടുകാർ സഹായിത്തിനെത്തി. പ്രദേശവാസികൾ ട്രാക്ടറിൽ കെട്ടിയാണ് ആംബുലൻസിനെ പുറത്തെടുത്തത്. രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടന്നതിന് ശേഷമാണ് ആംബുലൻസിനെ പുറത്തെടുക്കാനായത്. പിന്നാലെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിയെങ്കിലും ഗർഭപാത്രത്തിൽ തന്നെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥീരീകരിച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് അമ്മയുടെ ജീവൻ രക്ഷിച്ചത്.
ആറ് മാസം മുമ്പ് റോഡ് നന്നാക്കിയതെങ്കിലും അടുത്തിടെ പെയ്ത കനത്ത മഴയെത്തുടർന്ന് വീണ്ടും തകരുകയായിരുന്നു. ഇതേക്കുറിച്ച് അധികാരികൾക്ക് നിരന്തരം പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ഗർഭസ്ഥ ശിശുവിന്റെ മരണത്തിനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പും തദ്ദേശ ഭരണകൂടവും ഉത്തരവിട്ടിട്ടുണ്ട്. തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിനും (പിഡബ്ല്യുഡി) നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |