SignIn
Kerala Kaumudi Online
Saturday, 01 August 2026 2.01 AM IST

ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം, ആംആദ്‌മി നേതാവിന് ജീവപര്യന്തം കഠിനതടവ്

e

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ അടക്കം അഞ്ച് പേർക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചു. അങ്കിത് ശർമ എന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലാണ് കർകട്ഡൂമ അഡിഷണൽ സെഷൻസ് കോടതിയുടെ നടപടി. താഹിറിനും കൂട്ടുപ്രതികളായ ജാവേദ്,​ അനസ്,​ നസീം,​ കാസിം എന്നിവർക്കും വധശിക്ഷ വിധിക്കണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

കലാപത്തിനിടെ,​ ഉദ്യോഗസ്ഥന്റെ മതം നോക്കി പ്രതികൾ കൊലപാതകം നടപ്പാക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മൃതദേഹത്തെ പോലും വെറുതെവിട്ടില്ല. മൃഗത്തിന്റേതെന്ന മട്ടിൽ മൃതദേഹത്തെ തെരുവിലൂടെ വലിച്ചിഴച്ചു. പിന്നീട് കനാലിൽ ഉപേക്ഷിച്ചു. അഞ്ച് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ വധശിക്ഷയിലേക്ക് കടക്കുന്നില്ലെന്നും ജഡ്‌ജി പ്രവീൺ സിംഗ് വ്യക്തമാക്കി. അങ്കിത് ശർമ്മയെ തട്ടിക്കൊണ്ടുപോയി ഇഞ്ചിഞ്ചായാണ് കൊന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. മൃതദേഹത്തിൽ 51 മുറിവുകളുണ്ടായിരുന്നു. ഇതിൽ 18 എണ്ണം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു.

ഉമറിന്റെ ജാമ്യാപേക്ഷയിൽ നോട്ടീസ്

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ആക്‌ടിവിസ്റ്റ് ഉമർ ഖാലിദ് വീണ്ടും ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡൽഹി പൊലീസിന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ പ്രതിഭ എം.സിംഗ്,​ വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. രണ്ടാഴ്ചയ്‌ക്കകം നിലപാട് അറിയിക്കണം. അഞ്ചര വർഷത്തിലേറെയായി തീഹാർ ജയിലിൽ കഴിയുന്ന ഉമർ മൂന്നാം തവണയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. 2020 സെപ്‌തംബ‌ർ 14നാണ് ഉമറിനെ കസ്റ്രഡിയിലെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360