
ന്യൂഡൽഹി: ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടരുതെന്നും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് ചോദ്യങ്ങൾ ചോദിക്കുന്ന യുവതയാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പരീക്ഷയും നിയമനവും അനിശ്ചിതത്വത്തിലായാൽ അതിന്റെ ഏറ്റവും വലിയ ആഘാതം നേരിടുന്നത് വിദ്യാർത്ഥികളും യുവാക്കളുമാണെന്നും മദ്ധ്യപ്രദേശിലെ അദ്ധ്യാപക നിയമന ഉദ്യോഗാർഥികളുടെ പ്രശ്നത്തിൽ അവർക്കൊപ്പം സമരത്തിനിറങ്ങാൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു. ഇൻഡോറിൽ വിദ്യാർഥികളുമായി നടത്തിയ 'ഛാത്രോം കി ഗൂഞ്ജ്' സംവാദത്തിലായിരുന്നു പരാമർശം.
വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിക്കരുതെന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. ചോദ്യം ചെയ്യുന്നവരെയാണ് ജനാധിപത്യത്തിന് ആവശ്യം. സംശയിക്കാനും വിയോജിക്കാനും പുതിയ ആശയങ്ങൾ മുന്നോട്ടുവയ്ക്കാനും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടാകണം. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അധികാരത്തിലുള്ളവർ തയ്യാറാകണം.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും നിയമനത്തിലെ കാലതാമസവും യുവാക്കളുടെ ഭാവിയെ ബാധിക്കുന്നു. വർഷങ്ങളോളം പഠിച്ച് പരീക്ഷയെഴുതി നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയും കാത്തിരിപ്പും മാത്രമാകരുത്. മദ്ധ്യപ്രദേശിലെ അദ്ധ്യാപക നിയമനത്തിനായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കൊപ്പം താനും സമരത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി.
രാഹുലിനെതിരെ പോസ്റ്റർ
പരിപാടിക്ക് മുന്നോടിയായി ഇൻഡോറിൽ രാഹുലിനെതിരെ 'ഝൂഠ് കി ഗൂഞ്ജ്' എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ വിദ്യാർത്ഥികളാണ് പ്രചാരണം നടത്തിയതെന്ന് ബി.ജെ.പി പ്രതികരിച്ചു. പരിപാടിയുടെ സുരക്ഷയ്ക്കായി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |