SignIn
Kerala Kaumudi Online
Sunday, 23 August 2026 12.49 AM IST

ബി.ജെ.പി നേതാക്കളോട് മോദി ജെൻസികളെ നേരിൽ കണ്ട് ഒപ്പം കൂട്ടണം

narendramodi

ന്യൂഡൽഹി: ജെൻസികളുടെ രോഷം തണുപ്പിക്കാൻ അവരെ നേരിൽക്കണ്ട് സംസാരിക്കണമെന്ന് ബി.ജെ.പി നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. ഇന്നലെ ഡൽഹിയിലെ പാ‌ർട്ടി ആസ്ഥാനത്ത് നടന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണിത്.

യുവജനങ്ങളുടെ ആശങ്കകൾ, ആഗ്രഹങ്ങൾ,​ പ്രതീക്ഷകൾ എന്നിവയ്‌ക്ക് ചെവികൊടുക്കണം. കേന്ദ്രസർക്കാർ വിദ്യാർത്ഥികൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ അവരെ അറിയിക്കണം.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ സ്‌മൃതി ഇറാനി, വിനോദ് താവ്ഡെ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘാവി, ഛത്തീസ്ഗഢ് ധനകാര്യ മന്ത്രി ഒ.പി.ചൗധരി തുടങ്ങിയവ‌ർ അടങ്ങിയ പ്രത്യേക ടീം ജെൻസികളുമായി ആശയവിനിമയം നടത്തും. സെപ്‌തംബറിൽ ആരംഭിക്കുമെന്നാണ് സൂചന.

അടുത്തവ‌ർഷം ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2029ൽ ലോക്‌സഭാ തിരഞ്ഞെടുപ്പും. യുവത നിർണായക വോട്ടുബാങ്ക് ആയതിനാൽ അവരെ പിണക്കി മുന്നോട്ടു പോകാനാകില്ലെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. 17നാണ് പുതിയ ദേശീയ ടീമിനെ പ്രഖ്യാപിച്ചത്. 65 അംഗ ദേശീയ ടീമിൽ 51 പേർ പുതുമുഖങ്ങളാണ്.

കോൺഗ്രസിന്റേത്

വോട്ടുബാങ്ക് രാഷ്ട്രീയം

വന്ദേമാതരത്തിലെ ആദ്യ രണ്ടു ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂവെന്ന കോൺഗ്രസ് നിലപാടിനെ അപലപിച്ച് യോഗം പ്രമേയം പാസാക്കി. യോഗം ആരംഭിക്കുന്നതിനു മുൻപ് ദേശീയ ഗീതത്തിന്റെ ആറു ചരണങ്ങളും പാടി. വന്ദേമാതരത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പ്രീണനത്തിന്റെ ഭാഗമായി ദേശീയ ഗീതത്തിന്റെ പ്രാധാന്യത്തെ ദുർബലപ്പെടുത്തുകയാണ്. വന്ദേമാതരത്തിന്റെ ചരിത്രവും പ്രാധാന്യവും ജനങ്ങളിൽ എത്തിക്കാൻ പ്രചാരണം നടത്തും.


മോദി @25 ആഘോഷിക്കും

നരേന്ദ്രമോദി ഭരണഘടനാ പദവിയിലെത്തിയതിന്റെ 25-ാം വർഷം ആഘോഷിക്കും. 2001 ഒക്ടോബർ 7നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മോദിയുടെ 76-ാം ജന്മദിനമായ സെപ്‌തംബർ 17 മുതൽ ഒക്ടോബർ 2 വരെ 15 ദിവസം ദേശീയ ക്യാമ്പയിൻ നടത്തും. ശുചിത്വ യജ്ഞങ്ങൾ, രക്തദാനം, മരംനടീൽ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ രാജ്യവ്യാപകമായി സംഘടിപ്പിക്കും. മോദിയുടെ രാഷ്ട്രീയ ജീവിതം, ഭരണനേട്ടങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്ന എക്‌സിബിഷനുമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360