
ന്യൂഡൽഹി: മഞ്ഞുമൂടിയ മലനിരകൾ, അതിശക്തമായ കാറ്റ്, ഹെലികോപ്ടർ ഇറക്കാൻ പോലും ഇടമില്ലാത്ത കുത്തനെയുള്ള ചെരിവ്. വെല്ലുവിളികളെല്ലാം മറികടന്ന് 18,600 അടി ഉയരത്തിൽ സാഹസിക രക്ഷാദൗത്യം നടത്തിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ശനിയാഴ്ചയാണ് സംഭവം. ലഡാക്കിലെ നുൻ-കുൻ മലനിരകൾക്ക് സമീപം പരിക്കേറ്റുകിടന്ന ജൂനിയർ കമ്മിഷൻഡ് ഓഫീസറെ രക്ഷിക്കുകയായിരുന്നു ദൗത്യം.
കരസേനയുടെ വടക്കൻ കമാൻഡിന്റെ കീഴിലുള്ള, ലേ ആസ്ഥാനമായുള്ള 14 കോർപ്സിലെ (ഫയർ ആൻഡ് ഫ്യൂറി കോർപ്സ്) പൈലറ്റുമാർ ചീറ്റ ഹെലികോപ്ടറിൽ പുറപ്പെട്ടു. പ്രതികൂലമായ കാലാവസ്ഥയിൽ പകൽവെളിച്ചം അവസാനിക്കും മുമ്പ് രക്ഷാപ്രവർത്തനം നടത്തേണ്ടിയിരുന്നു. 18,600 അടി ഉയരത്തിലെ വായുമർദ്ദം എൻജിന്റെ ശേഷിയും ഹെലികോപ്ടറിന്റെ റോട്ടർ ബ്ലേഡുകളുടെ ലിഫ്റ്റും കുറയ്ക്കും.
അതിനാൽ കോപറ്ററിന്റെ ഭാരം കുറയ്ക്കാൻ ചില ഉപകരണങ്ങൾ നീക്കം ചെയ്തു. ആവശ്യത്തിനുമാത്രം ഇന്ധനം നിറച്ചു. സാധാരണ ലാൻഡിംഗിന് ഇടമില്ലാത്തതിനാൽ ഒരു ലാൻഡിംഗ് സ്‌കിഡ് മാത്രം ചെരിവിൽ തൊടീച്ചാണ് സിംഗിൾ എൻജിൻ കോപ്ടർ നിലയുറപ്പിച്ചത്. രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനെ കാർഗിൽ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരണത്തിന് കീഴടങ്ങി. മരിച്ച ഓഫീസറുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |