
ന്യൂഡൽഹി: സംവരണത്തിലെ ഉപവിഭാഗീകരണത്തെച്ചൊല്ലി എൻ.ഡി.എയിൽ ഭിന്നത രൂക്ഷം. വിഷയത്തിൽ കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാനും ജിതൻ റാം മാഞ്ചിയും പരസ്പരം രാജി ആവശ്യപ്പെട്ട് കൊമ്പുകോർത്തതോടെ എൻ.ഡി.എയിലെ ദളിത് രാഷ്ട്രീയപ്പോര് രൂക്ഷമായി. ബീഹാർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.
പട്ടികജാതി വിഭാഗത്തിലെ സംവരണം ഉപവിഭാഗങ്ങളായി തിരിച്ച് കൂടുതൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക ആനുകൂല്യം നൽകണമെന്നാണ് ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്.എ.എം)നേതാവ് കൂടിയായ മാഞ്ചിയുടെ നിലപാട്. ഇതിനെയാണ് ലോക് ജൻശക്തി പാർട്ടി (രാംവിലാസ് പാസ്വാൻ) അദ്ധ്യക്ഷൻ കൂടിയായ ചിരാഗ് ചോദ്യം ചെയ്തത്.
സംവരണം, സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയല്ലെന്നും സാമൂഹിക വിവേചനവും ചരിത്രപരമായ അനീതിയും ഒഴിവാക്കാനുള്ളതാണെന്നും ചിരാഗ് വ്യക്തമാക്കി. ഉപസംവരണവും 'വെണ്ണപ്പാളി" വ്യവസ്ഥയും ആവശ്യപ്പെടുന്ന മാഞ്ചിയും മകനും ആദ്യം മന്ത്രിസ്ഥാനം ഒഴിയണമെന്നും ചിരാഗ് ആവശ്യപ്പെട്ടു.
'പാവപ്പെട്ടവരുടെ അവകാശം സംരക്ഷിക്കാനാകുന്നില്ലെങ്കിൽ ചിരാഗ് രാജിവയ്ക്കട്ടെ" എന്ന് മാഞ്ചിയും തിരിച്ചടിച്ചു. സംവരണത്തിന്റെ പ്രയോജനം ദളിത് വിഭാഗത്തിലെ ഏറ്റവും പിന്നാക്കക്കാരിലേക്കുമെത്തണമെങ്കിൽ ഉപവിഭാഗീകരണം ആവശ്യമാണെന്നും പറഞ്ഞു.
മാഞ്ചിയുടെ മകനും ബീഹാർ മന്ത്രിയുമായ സന്തോഷ് കുമാർ സുമനും സംവരണനയത്തിൽ മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയുടെ 2024ലെ സുപ്രധാന വിധിയിൽ പട്ടികജാതി-പട്ടികവർഗ സംവരണത്തിൽ ഉപവിഭാഗീകരണം നടത്താൻ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തു മുൻനിർത്തിയാണ് മാഞ്ചിയും മകനും ഉപവിഭാഗീകരണം ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |