SignIn
Kerala Kaumudi Online
Saturday, 05 September 2026 4.40 AM IST

വീണ്ടും  വിറപ്പിച്ച് പാറ്റകൾ;  തല തല്ലിപ്പൊളിച്ച  അക്രമിയെ  ഡൽഹി പൊലീസ്  പിടികൂടി

d

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി വീണ്ടും സമരത്തിനിറങ്ങിയതോടെ ജന്തർ മന്ദറിലെ സമരത്തിൽ അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്‌ത അക്രമിയെ ഡൽഹി പൊലീസ് പിടികൂടി. സി.ജെ.പി നേതാക്കളും ലോക്‌സഭാ എം.പിമാരായ ചന്ദ്രശേഖർ ആസാദ് പപ്പു യാദവ് അടക്കമുള്ളവരും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതോടെ പൊലീസ് വഴങ്ങുകയായിരുന്നു. പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെ സമരക്കാർ പിൻമാറി.

പാഴ്‌വാക്കായാൽ വീണ്ടും വരുമെന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ യു.പിയിലെ ബുലന്ദ് ഷഹറിൽ നിന്ന് പ്രതിയെ പിടികൂടി. വധശ്രമം,എസ്.സി/എസ്.ടി നിയമം എന്നിവ ചുമത്തണമെന്ന ആവശ്യവും പൊലീസ് അംഗീകരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്കെതിരെയുള്ള സാമൂഹ മാദ്ധ്യമ അധിക്ഷേപങ്ങളിലും വധഭീഷണിയിലും പോക്സോ അടക്കം ചുമത്തി പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. നൂറുകണക്കിന് വിദ്യാർത്ഥികൾ സ്റ്റേഷൻ ഉപരോധ സമരത്തിന് എത്തിയിരുന്നു. വിദ്യാർത്ഥിനിക്ക് പിന്തുണയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.

കപിൽ മിശ്ര രക്ഷിച്ചെന്ന് പ്രതിയുടെ വീരവാദം

തീവ്ര ഹിന്ദുവാണെന്നും വിദ്യാർത്ഥിനിയുടെ പിതാവിന്റെ തല തകർത്തത് താനാണെന്നും സ്വതന്ത്ര ഭരദ്വാജ് കഴിഞ്ഞദിവസം യുട്യൂബ് പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. ഡൽഹി തൊഴിൽ മന്ത്രി കപിൽ മിശ്ര ഇടപെട്ടാണ് സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചതെന്ന് അക്രമി അവകാശപ്പെടുകയും ചെയ്തു. ഈ വീഡിയോയാണ് സി.ജെ.പിയെ പ്രകോപിപ്പിച്ചത്. ചെറിയ പരിക്ക് മാത്രമായിരുന്നുവെന്നും,തലയോട്ടിയിൽ പൊട്ടലില്ല എന്നുമായിരുന്നു ഡൽഹി പൊലീസിന്റെ നിലപാട്.

സമര മേഖലയിലെത്തി 101 കൊലക്കേസ് പ്രതികൾ

ജൂലായിൽ സി.ജെ.പി സമരം നടന്ന ജന്തർ മന്ദർ മേഖലയിലെത്തിയത് 101 കൊലക്കേസ് പ്രതികൾ. സൗത്ത് ഡൽഹിയിൽ ജിം ഉടമയെ വെടിവച്ചു കൊന്ന കേസിലെ പ്രതി രാജു എന്ന യോഗേഷ് അടക്കമാണിത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഷാർപ്പ് ഷൂട്ടറാണ് രാജു. അതീവഗുരുതര കുറ്റങ്ങൾ ചുമത്തപ്പെട്ട 2873 പേർ സമര മേഖലയിലെത്തിയെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം മുഖേനയാണ് ഇവരെ തിരിച്ചറി‌ഞ്ഞത്. കൊലക്കേസ് പ്രതികൾക്കു പുറമെ 61 പീഡനക്കേസ് പ്രതികൾ,ആറ് പോക്സോ കേസ് കുറ്റവാളികൾ,37 വധശ്രമക്കേസ് പ്രതികൾ അടക്കം മേഖലയിലെത്തി. ഇവരുടെ ദുരൂഹ സാന്നിദ്ധ്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS, DELHI POLICE, CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360