
ന്യൂഡൽഹി: യു.പി.ഐ വഴി വ്യക്തികൾ തമ്മിൽ നടത്തുന്ന പണമിടപാടുകൾ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിന് (എം.ഡി.ആർ) വിധേയമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. അതേസമയം 2000 രൂപയ്‌ക്ക് മുകളിലുള്ള റെയിൽവേ, ടെലികോം, ഇൻഷ്വറൻസ്, ഇന്ധനം, കാർഷിക സേവനങ്ങൾക്കും വ്യാപാര ഇടപാടുകൾക്കും നിരക്ക് ഈടാക്കും. 2000 രൂപ വരെയുള്ള ഇടപാടുകൾ സൗജന്യമായി തുടരും. കൈമാറ്റം ചെയ്യുന്ന തുക എത്ര വലുതായാലും വ്യക്തികൾ തമ്മിലുള്ള യു.പി.ഐ ഇടപാടുകളും (മൊത്തം ഇടപാടുകളുടെ 70%) 2000 രൂപ വരെയുള്ള ചെറുകിട വ്യാപാര ഇടപാടുകളും(മൊത്തം ഇടപാടുകളുടെ 96%) സൗജന്യമായി തുടരും. യു.പി.ഐ ക്യൂ ആർ കോഡുകൾ വഴി പ്രതിമാസം ഒരു ലക്ഷം രൂപവരെ സ്വീകരിക്കുന്ന തെരുവ് കച്ചവടക്കാർ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികളുടെ എല്ലാ ഇടപാടുകളും സൗജന്യം.
75,000രൂപയ്ക്കുമേൽ
300 രൂപ വീതം
2,000രൂപയ്‌ക്ക് മുകളിലുള്ള വ്യാപാര പണമിടപാടുകൾക്ക് 0.4% നിരക്ക്. 75,000രൂപയ്‌ക്കും അതിന് മുകളിലുമുള്ള ഇടപാടുകൾക്ക്, 300 രൂപ വീതം നിരക്ക്.
റെയിൽവേ, ടെലികോം, ഇൻഷ്വറൻസ്, പെട്രോൾ-ഡീസൽ, കാർഷിക സംബന്ധമായ ഇടപാടുകൾ എന്നിവയിൽ 2,000 രൂപയ‌്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപ എം.ഡി.ആർ.
മൂലധന വിപണി ഇടപാടുകൾ: മ്യൂച്വൽ ഫണ്ടുകൾ, സെക്യൂരിറ്റികൾ, സ്റ്റോക്ക് ബ്രോക്കർമാർ, ഡീലർമാർ എന്നിവരുമായി ബന്ധപ്പെട്ട ഇടപാടുകളിൽ 0.02% എം.ഡി.ആർ. ഇത് പരമാവധി ഓരോ ഇടപാടിനും 300രൂപയായി പരിമിതപ്പെടുത്തും.
പ്രത്യേക ഫണ്ട്: യു.പി.ഐ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ചെറുകിട വ്യാപാരികൾക്കായി പ്രത്യേക ഫണ്ട് സ്ഥാപിക്കും. മൊത്തം എം.ഡി.ആർ കളക്ഷനുകളുടെ 5% ഫണ്ടിലേക്ക് സംഭാവന ചെയ്യും.
എം.ഡി.ആർ: ഇടപാടുകൾക്കായി ബാങ്കുകളും പേയ്‌മെന്റ് ആപ്ലിക്കേഷൻ ദാതാക്കളും പങ്കിടുന്ന തുക (സർക്കാരും നാഷണൽ പേമെന്റ് കോർപറേഷനും തുക ലഭിക്കില്ല). വ്യാപാരികൾ എം.ഡി.ആർ ഉപഭോക്താക്കൾക്ക് മേൽ ചുമത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകളോട് ധനമന്ത്രാലയം നിർദ്ദേശിച്ചു. യു.പി.ഐ ആപ്ലിക്കേഷൻ ദാതാക്കളും ഉപഭോക്താക്കളിൽ ഫീസ് ചുമത്തരുത്.
യു.പി.ഐ ഇടപാടുകളിൽ ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം അമേരിക്കൻ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള നീക്കം. എം.ഡി.ആർ നിരക്ക് ഇടാക്കുന്നത് ആകെ യു.പി.ഐ ഇടപാടുകളുടെ 65% വരും. എം.ഡി.ആർ ഉപഭോക്താവിന്റെ പോക്കറ്റിൽ നിന്ന് നേരിട്ട് ഈടാക്കും. എം.ഡി.ആർ ഇല്ലാത്ത യു.പി.ഐ നയത്തെ അമേരിക്കൻ പേയ്‌മെന്റ് കമ്പനികൾ എതിർത്തിരുന്നു.
- രാഹുൽ ഗാന്ധി
ലോക്‌സഭാ പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |