
ചെന്നൈ: ദക്ഷിണ ചെന്നൈയിലെ പട്ടിനാപാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിർമ്മിക്കാനുള്ള തീരുമാനത്തിലാണ് ടി.വി.കെ സർക്കാർ. എന്നാൽ
ഇതിനെതിരെ പ്രദേശികവും രാഷ്ട്രീയമായ എതിർപ്പ് തുടരുകയാണ്. സർക്കാരിന്റെ ഖജനാവ് കാലിയെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നാളിൽ തന്നെ പരിതപിച്ച സി. ജോസഫ് വിജയ് ആണ് 1,200 കോടി രൂപ ചെലവിൽ പുതിയ സെക്രട്ടേറിയറ്റ് നിയമസഭാ മന്ദിരം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി 26 ഏക്കറിൽ തീരപ്രദേശം കണ്ടെത്തുകയും ചെയ്തു. എന്നാൽ 12 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ നിന്നുള്ളവർ വൻ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
1,500ലധികം കുടുംബങ്ങൾ ബോട്ട് അടുപ്പിക്കാനും വല നന്നാക്കാനും മീൻ ഉണക്കാനും ഉപയോഗിക്കുന്ന സ്ഥലമാണിതെന്ന് അവർ പറയുന്നു. ഭൂമിക്ക് നിയമപരമായ രേഖകളും പാരമ്പര്യ അവകാശങ്ങളുമുണ്ട്. നിർമ്മാണം കടലിലേക്കുള്ള വഴി അടയ്ക്കും. കണ്ണകി നഗർ പോലുള്ള സ്ഥലങ്ങളിലേക്ക് മാറ്റിയാൽ ഞങ്ങളുടെ ജീവിതം തകരുമെന്നും 1 958ൽ മാറ്റിപ്പാർപ്പിച്ചവർക്കായി നൽകിയ ഭൂമിയാണിതെന്നും അവർ വ്യക്തമാക്കുന്നു.
പുതിയ സെക്രട്ടേറിയറ്റ് നിർമ്മാണം സംബന്ധിച്ച് തിടുക്കത്തിൽ ഉത്തരവിറക്കിയെന്ന ആരോപണവുമായി സർക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കുന്ന സി.പി.എമ്മും രംഗത്തെത്തി. സർവകക്ഷി യോഗം വിളിച്ച് സമവായത്തിലെത്തും വരെ നിർമ്മാണ പ്രവർത്തനമൊന്നും പാടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി.ഷണ്മുഖം സർക്കാരിനോട് ആവശ്യപ്പെട്ടു. ഒലിവ് റിഡ്ലി കടലാമകളുടെ പ്രജനന കേന്ദ്രവും പ്രളയ സാദ്ധ്യതയുള്ള സ്ഥലവുമാണിതെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ നേതാവ് എം. വീരപാണ്ഡ്യൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
പദ്ധതിക്കായി വലിയ തോതിൽ കുടിയിറക്കൽ പാടില്ലെന്നാണ് ടി.വി.കെയുടെ സഖ്യകക്ഷിയായ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാണിക്യം ടാഗോറിന്റെ നിലപാട്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിക്കണമെന്ന് മറ്റൊരു ഘടകക്ഷിയായ വി.സി.കെയുടെ നേതാവ് വണ്ണി അരസ് പറഞ്ഞു. ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നാണ് പി.എം.കെ നേതാവ് അൻപുമണി രാമദോസിന്റെ മുന്നറിയിപ്പ്. പൊതു കൂടിയാലോചന നടത്തിയില്ലെന്ന് എ.എം.എം.കെ നേതാവ് ടി.ടി.വി ദിനകരൻ വിമർശിച്ചു.
സെന്റ് ജോർജ്ജ് കോട്ടയിലെ നിലവിലെ സെക്രട്ടേറിയറ്റ് തന്നെ തുടർന്നും ഉപയോഗിക്കാവുന്നതാണെന്നും പുതിയ മന്ദിരത്തിന്റെ പേരിൽ പണം ധൂർത്തടിക്കാനാണ് സർക്കാരിന്റെ നീക്കമമെന്നാണ് പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെ, അണ്ണാ ഡി.എം.കെ, ബി.ജെ.പി എന്നിവരുടെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |