SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.35 AM IST

കായികം കപ്പലേറട്ടെ...

asian-games

20-ാമത് ഏഷ്യൻ ഗെയിംസിന് 19ന് ജപ്പാനിലെ അയ്ചി നഗോയയിൽ തുടക്കം

അയ്‌ചി നഗോയ : ഏഷ്യൻ കായികാവേശത്തിന് ജപ്പാനിലെ അയ്‌ചി പ്രവിശ്യയുടെ തലസ്ഥാനമായ നഗോയയിൽ കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം. 20-ാമത് ഏഷ്യൻ ഗെയിംസിന് ഈ മാസം 19നാണ് തിരിതെളിയുന്നത്. എങ്കിലും ഫുട്ബാൾ ഉൾപ്പടെ ചില ഇനങ്ങളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ നാലിനാണ് സമാപനം.

വൻകരയിലെ ഏറ്റവും വലിയ കായിക മഹാമഹത്തിന് ജപ്പാൻ വേദിയാകുന്നത് ഇത് മൂന്നാം തവണയാണ്. 1958ൽ ടോക്യോയിലാണ് ജപ്പാനിലെ ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത്. 1994ൽ ഹിരോഷിമ ഏഷ്യൻ ഗെയിംസ് വേദിയായി. 32 വർഷത്തിന് ശേഷം വീണ്ടും ഗെയിംസ് ജപ്പാനിലെത്തുകയാണ്. 2023ൽ ചൈനയിലെ ഹ്വാംഗ്ചോയിലാണ് കഴിഞ്ഞ ഏഷ്യൻ ഗെയിംസ് നടന്നത്. 1951ൽ ഡൽഹിയിൽ ആദ്യ ഏഷ്യൻ ഗെയിംസ് നടന്നതിന്റെ 75-ാം വർഷത്തിലാണ് അയ്ചി - നഗോയയിൽ ഗെയിംസ് നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ദിവസങ്ങൾക്ക് മുന്നേതന്നെ ജപ്പാനിലെത്തിക്കഴിഞ്ഞു. ഇന്ത്യൻ താരങ്ങളും ജപ്പാനിലെത്തി അവസാനവട്ട പരിശീലനം നടത്തുകയാണ്.കഴിഞ്ഞയാഴ്ച അയ്ചി- നഗോയയിൽ കനത്ത മഴയും വെള്ളക്കെട്ടുമുണ്ടായിരുന്നു. ഗെയിംസിന് മുമ്പ് ആ നാശനഷ്ടങ്ങളൊക്കെ പരിഹരിച്ച് വിജയകരമായി മഹാമേള സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ജാപ്പനീസ് ഭരണകൂടം.

താരങ്ങളുടെ താമസം

കപ്പലിൽ, പരാതികളും

ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി കായിക താരങ്ങൾക്ക് താമസിക്കാൻ വലിയ ക്രൂസ്ഷിപ്പാണ് ഗെയിംസ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 300 മീറ്റർ നീളമുള്ള കോൺകോർഡിയ ക്ളാസ് ഇറ്റാലിയൻ ക്രൂസ് ഷിപ്പായ കോസ്റ്റ സെറീനയിൽ 4000ത്തോളം പേർക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്. 2000ത്തോളം പേർക്ക് താമസിക്കാൻ താത്കാലിക തടിക്യാബിനുകകളും മറ്റുള്ളവർക്ക് ഹോട്ടൽ റൂമുകളും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് താരങ്ങൾക്ക് താമസിക്കാനുള്ള കപ്പൽ നഗോയ തീരത്ത് ബർത്ത് ചെയ്തത്. ഇവിടെ താമസിക്കാനെത്തിയ പല രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും കപ്പലിലെ സൗകര്യങ്ങളെക്കുറിച്ച് പരാതികളാണ്. ജപ്പാൻകാർ തങ്ങളുടെ ശരീരവലിപ്പം കണക്കിലെടുത്തുള്ള കട്ടിലുകളാണ് കപ്പലിൽ ഒരുക്കിയതെന്നും തങ്ങൾക്ക് നടുനിവർത്തി കിടക്കാനാവുന്നില്ലന്നും പരാതി പറഞ്ഞത് ദക്ഷിണകൊറിയയിൽ നിന്നുള്ള ഉയരക്കാരായ ബാസ്കറ്റ്ബാൾ താരങ്ങളാണ്.കിടക്കകളുടെ കുറവുണ്ടെന്നും വാട്ടർ ലീക്ക് ഉണ്ടെന്നും വിവിധ ടീമുകൾ പരാതികൾ ഉയർത്തിയിട്ടുണ്ട്.

768 അംഗ ഇന്ത്യൻ സംഘം

503 കായിക താരങ്ങൾ അടക്കം 768 അംഗ സംഘത്തെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന് അയയ്ക്കുന്നത്. 269 പുരുഷ കായിക താരങ്ങളും 234 വനിതാ താരങ്ങളുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. പരിശീലകരും ഒഫിഷ്യൽസുമായി 205 പേരാണുളളത്. ഇക്കുറി കായികമന്ത്രാലയം പ്രത്യേക ഇടപെടൽ നടത്തി മെഡൽ സാദ്ധ്യതയുള്ള കായിക ഇനങ്ങളിൽ മാത്രമാണ് താരങ്ങളെ പങ്കെടുപ്പിക്കുന്നത്. ഹ്വാംഗ്ചോയിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41വെങ്കലങ്ങളും അടക്കം 107 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. ഗെയിംസ് ചരിത്രത്തിലെതന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. നാലാം സ്ഥാനത്താണ് മെഡൽപ്പട്ടികയിൽ ഇന്ത്യ ഫിനിഷ് ചെയ്തിരുന്നത്.

46 രാജ്യങ്ങളിൽ നിന്നായി 10840 കായിക താരങ്ങളാണ് അയ്ചി- നഗോയ ഗെയിംസിൽ മാറ്റുരയ്ക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

43 കായിക ഇനങ്ങളിലായി 493 മെഡൽ ഇവന്റുകളാണുള്ളത്.

നഗോയയിലെ പലോമ മിസുഹോ മൾട്ടിപർപ്പസ് സ്റ്റേഡിയമാണ് പ്രധാനവേദി.

നഗോയയിലെയും അയ്ചി പ്രവിശ്യയിലെയും സ്റ്റേഡിയങ്ങൾ കൂടാതെ ടോക്യോ നഗരത്തിലെ ഒളിമ്പിക്സ് മത്സരങ്ങൾ നടത്തിയ സ്റ്റേഡിയങ്ങളിലും മത്സരങ്ങൾ നടക്കും.

നീന്തൽ, ഇക്വസ്റ്റേറിയൻ കായിക ഇനങ്ങളാണ് പ്രധാനമായും ടോക്യോയിൽ നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360