SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.31 AM IST

ഹൃദയത്തിൽ സൂചി തറച്ചിട്ടും ആരോഗ്യവാൻ,​ ഞെട്ടി ഡോക്ടർമാർ

d

ബീജിംഗ്: മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദനയുണ്ടെന്നും മൂത്രത്തിൽ രക്തം കണ്ടെന്നും കാട്ടി ചികിത്സ തേടിയ 35 കാരന്റെ ശരീരത്തിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. യുവാവിന്റെ ഹൃദയത്തിൽ 36 മില്ലിമീറ്റർ നീളമുള്ള തയ്യൽ സൂചിയാണ് കണ്ടെത്തിയത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം.

ഹൃദയവുമായി ബന്ധപ്പെട്ട യാതൊരുവിധ ലക്ഷണങ്ങളും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന യുവാവിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സാധാരണ നിലയിലായിരുന്നു. ഹൃദയത്തിനുള്ളിൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു വസ്തു ഉണ്ടായിരുന്നിട്ടും, ശരീരത്തിലെ രക്തപ്രവാഹം തടസ്സമില്ലാതെ പ്രവർത്തിച്ചത് ഡോക്ടർമാരെ അദ്ഭുതപ്പെടുത്തി.

വിശദ പരിശോധനകൾക്കിടയിലാണ് ഹൃദയത്തിന് സമീപം അസാധാരണമായ ഒരു നിഴൽ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നെഞ്ച്, ഉദരം, ഇടുപ്പ് ഭാഗം എന്നിവിടങ്ങളിൽ നടത്തിയ സി.ടി സ്കാനിൽ, യുവാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഹ വസ്തുക്കൾ തറച്ചിരിക്കുന്നതായി കണ്ടെത്തി. വയറിന്റെ ഭിത്തി, പെൽവിസ്, മൂത്രസഞ്ചിയുടെ ഭിത്തി, മൂത്രസഞ്ചിയുടെ ഉൾഭാഗം, ഇടുപ്പെല്ല്, ഇടുപ്പിലെ പേശി എന്നിവിടങ്ങളിലാണ് ഈ വസ്തുക്കൾ കണ്ടെത്തിയത്.

ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന പെരികാർഡിയം ഭിത്തിയെ തുളച്ചുകയറിയ 36 മില്ലിമീറ്റർ (1.4 ഇഞ്ച്) നീളമുള്ള തയ്യൽ സൂചിയായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഗുരുതരമായ കണ്ടെത്തൽ. അതിന്റെ കൂർത്ത അഗ്രം ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിലേക്ക് ഇറങ്ങിയിട്ടുണ്ടായിരുന്നു. ഹൃദയമിടിപ്പിനൊപ്പം അത് ചലിക്കുന്നുമുണ്ടായിരുന്നു.

യുവാവിന്റെ ഹൃദയം സാധാരണ നിലയിലായിരുന്നെങ്കിലും സൂചി കൂടുതൽ ഉള്ളിലേക്ക് നീങ്ങിയാൽ ഹൃദയം പൊട്ടാനോ കഠിനമായ രക്തസ്രാവത്തിനോ അണുബാധയ്ക്കോ കാരണമായേക്കാമെന്നതിനാൽ ഡോക്ടർമാർ ഭയപ്പെട്ടു. അതിനാൽ, ഹൃദയത്തിലെ സൂചി ആദ്യം പുറത്തെടുത്തു. ഇതിനിടെ മൂത്രസഞ്ചിയിലും തയ്യൽ സൂചികൾ തറച്ചിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഇവയും പിന്നീട് നീക്കം ചെയ്തു.

ചികിത്സ പൂർത്തിയാക്കിയ യുവാവ് സുഖം പ്രാപിച്ചു വരുന്നു. അതേ സമയം,​ സൂചികൾ എങ്ങനെയാണ് യുവാവിന്റെ ശരീരത്തിനുള്ളിൽ എത്തിയതെന്ന് വ്യക്തമല്ല. യുവാവോ കുടുംബമോ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. യുവാവിന്റെ പിതാവിന്റെ അനുമതിയോടെ ഒരു വൈദ്യശാസ്ത്ര ജേർണലിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360