മുംബയ്: ആഡംബരജീവിതം ഒരുദിവത്തേക്ക് മാറ്റിവച്ച് ഭിക്ഷക്കാരന്റെ വേഷത്തിൽ തെരുവുകളിൽ അലഞ്ഞ് ബിജെപി എംഎൽഎ പരാഗ് ഷാ. മുംബയ് ഘാട്‌കോപ്പർ ഈസ്റ്റ് എംഎൽഎയായ പരാഗ് ഷാ ആത്മീയ ഗുരുവായ നമ്രമുനി മഹാരാജിന്റെ നിർദേശപ്രകാരമാണ് ഒരു ദിവസത്തേക്ക് ഭിക്ഷക്കാരനായി ജീവിക്കാൻ തീരുമാനിച്ചത്.
രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്‌ട്രീയ നേതാക്കളിൽ ഒരാളാണ് പരാഗ് ഷാ. അദ്ദേഹത്തിന് ഏകദേശം 5000 കോടിയുടെ ആസ്‌തിയുണ്ടെന്നാണ് റിപ്പോർട്ട്. ചാതുർമാസത്തിന്റെ ഭാഗമായി സാധാരണക്കാരുടെ ജീവിതത്തിലെ പ്രയാസങ്ങൾ നേരിട്ട് മനസിലാക്കുന്നതിനുവേണ്ടി ഒരു ദിവസം ഭിക്ഷക്കാരനായി ജീവിക്കണമെന്നായിരുന്നു നമ്രമുനി മഹാരാജിന്റെ നിർദേശം.
ആഡംബര കാറുകൾ, സുരക്ഷാ ഉദ്യോഗസ്ഥർ, മറ്റ് സൗകര്യങ്ങൾ തുടങ്ങിയവ താൽക്കാലികമായി ഉപേക്ഷിച്ചുകൊണ്ടാണ് പരാഗ് ഷാ ഗുരുവിന്റെ നിർദേശം അനുസരിച്ചത്. എംഎൽഎയാണെന്ന് തിരിച്ചറിയാനാകാത്തവിധം മേക്കപ്പ് ഉപയോഗിച്ച് രൂപം മാറ്റി മുഷിഞ്ഞ വസ്‌ത്രമണിഞ്ഞാണ് അദ്ദേഹം തെരുവിലേക്കിറങ്ങിയത്. തെരുവുകളിൽ ഭിക്ഷ യാചിച്ച് വഴിയോരങ്ങളിൽനിന്ന് ഭക്ഷണം കഴിച്ചാണ് അദ്ദേഹം ആ ദിവസം പൂർത്തിയാക്കിയത്. പണവും അധികാരവും പ്രശസ്‌തിയും ഇല്ലാത്ത ഒരാളായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവിക്കുകയായിരുന്നു ലക്ഷ്യം.
ഈ അനുഭവം തന്നെ ഒരുപാട് സ്വാധീനിച്ചെന്ന് പരാഗ് ഷാ പറയുന്നു. ഭിക്ഷക്കാരന്റെ വേഷം അഴിച്ചുമാറ്റിയശേഷം താൻ നേരത്തെ പോയ സ്ഥലങ്ങളിലേക്ക് തിരികെപ്പോയി അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ചെന്നും അവരുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പണവും പ്രശസ്‌തിയും അധികാരവും ഒരാളിൽ അഹങ്കാരം വളർത്താൻ ഇടയാക്കുമെന്ന് അദ്ദേഹം സമ്മതിച്ചു. ഈ അനുഭവം അത്തരം അഹങ്കാരം കുറച്ചെന്നും വിനയത്തോടെ മുന്നോട്ടുപോകാൻ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിക്ഷക്കാരനായി ജീവിച്ച ദിവസത്തിൽ തനിക്കുണ്ടായ ഞെട്ടിക്കുന്ന ചില അനുഭവങ്ങളെക്കുറിച്ചും ഷാ പറഞ്ഞു. 'ഭിക്ഷക്കാരന്റെ വേഷത്തിൽ എന്റെ താമസസ്ഥലത്തെത്തിയപ്പോൾ വാച്ച്‌മാൻ എന്നെ പുറത്താക്കി. എന്നെ തിരിച്ചറിഞ്ഞില്ല. തന്നെ എപ്പോഴും സഹായിക്കുന്ന ഒരു സുഹൃത്തിന്റെ അടുത്തും അതേ വേഷത്തിൽ ചെന്നു. എന്നാൽ, സുഹൃത്തും എന്നെ തിരിച്ചറിയാതെ അവിടെനിന്ന് ഓടിച്ചുവിട്ടു'- പരാഗ് ഷാ പറഞ്ഞു.
BJP MLA Parag Shah, reportedly worth Rs 5,000 crore, spent a day disguised as a beggar in Mumbai’s Ghatkopar on his guru’s advice, learning lessons in humility and humanity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |