
കുറഞ്ഞ പൊതുപിഴ 10,000
ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വ്യാപാരികളെയും വ്യവസായികളെയും മറ്റും നേരിട്ട് അറസ്റ്റുചെയ്യാനുള്ള ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അധികാരം റദ്ദാക്കും. ഭാരതീയ ന്യായ സംഹിത പ്രകാരം അധികാരമുള്ളവർ വഴി അത്തരം നടപടികൾ സ്വീകരിക്കാം.
പാർലമെന്റിൽ നിയമഭേദഗതി കൊണ്ടുവന്നാണ് ഇതു നടപ്പാക്കേണ്ടത്.
ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന 57-ാമത് ജി.എസ്.ടി കൗൺസിൽ യോഗമാണ് തീരുമാനിച്ചത്.
പ്രമുഖ കമ്പനി ഭാരവാഹികളെ നിയമം ദുരുപയോഗം ചെയ്‌ത് അറസ്റ്റുചെയ്‌ത സംഭവത്തെ തുടർന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അധികാരം എടുത്തുകളഞ്ഞത്.
പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ കുറഞ്ഞത് അഞ്ചുകോടി രൂപയുടെ നികുതി ക്രമക്കേട് കണ്ടെത്തിയിരിക്കണം. നിലവിൽ ഇത് ഒരു കോടി ആയിരുന്നു. പൊതുപിഴയായി ചുമത്തുന്ന തുക 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറയ്ക്കും. നികുതി വീഴ്ച 10,000 രൂപയിൽ താഴെയാണെങ്കിൽ നോട്ടീസ് പോലും നൽകരുത്.
ജി.എസ്.ടി നിരക്കിൽ ഇനി മുതൽ വർഷത്തിൽ ഒരിക്കലേ മാറ്റങ്ങളുണ്ടാകൂവെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു. ജി.എസ്.ടി 2.0 പരിഷ്കാരങ്ങളുടെ പാക്കേജിന് കൗൺസിൽ അംഗീകാരം നൽകി.
ധനമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ കേരളത്തെ പ്രതിനിധീകരിച്ചു.
ശിക്ഷ കോടതിക്കുവിട്ടു
ശിക്ഷ കോടതിക്ക് തീരുമാനിക്കാം. പിഴയോ, തടവോ, രണ്ടും ഒരുമിച്ചോ എന്ന് തീരുമാനിക്കേണ്ടത് കോടതികളുടെ വിവേചനാധികാരം.
ജി.എസ്.ടി റീഫണ്ട് ക്ലെയിമുകൾ 10 ദിവസത്തിനുള്ളിൽ തീർപ്പാക്കും (നിലവിൽ 15 ദിവസം). അർഹതയുള്ള 90% റീഫണ്ട് ക്ലെയിമുകളും ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ(ഫേസ്‌ലെസ്) തീർപ്പാക്കി മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അനുമതി. ഇലക്‌ട്രോണിക് ലെഡ്‌ജറിലെ കുടിശ്ശികയിലും ഉടൻ തീർപ്പാക്കൽ.
ഇലക്ട്രോണിക് കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി പ്രവർത്തിക്കുന്ന ചെറുകിട വിൽപ്പനക്കാരുടെ ജി.എസ്.ടി രജിസ്ട്രേഷൻ ലളിതമാക്കി. ബിസിനസ് കേന്ദ്രമില്ലാത്ത സംസ്ഥാനങ്ങളിലും വിൽപനയ്‌ക്ക് സഹായം.
വഴിമദ്ധ്യേ പരിശോധനയില്ല
ജി.എസ്.ടി പരിശോധന ചരക്ക് പുറപ്പെടുന്ന സംസ്ഥാനത്തും അവസാനം എത്തുന്ന സംസ്ഥാനത്തും മാത്രം. വഴി മദ്ധ്യേ പരിശോധനയില്ല. പരിശോധന നടത്തുന്നെങ്കിൽ ജോ. കമ്മിഷണറുടെ അനുമതിയോടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |