
ന്യൂഡൽഹി: സ്ഥിരതയുള്ള ആഗോള ശക്തിയെന്ന നിലയിൽ ലോകത്തോടൊപ്പം ലോകത്തിനായാണ് ഭാരതം വളരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച ബ്ലൂംബർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ സംസാരിക്കുകയായിരുന്നു മോദി. ആരുടെയും ചെലവിലല്ല ഭാരതം വളരുന്നത്. 'മറ്റുള്ളവരെ ശാക്തീകരിക്കാനുള്ള ശക്തി"യെന്നതാണ് താൻ മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാട്. മറ്രു രാജ്യങ്ങളെ നിയന്ത്രിക്കുന്ന ശക്തി എന്നതിനപ്പുറം അവരെ പ്രാപ്‌തരാക്കാനുള്ള ശക്തിയാണ് ഭാരതം.
മത്സരിക്കാനുള്ള ശക്തിക്കപ്പുറം സഹകരിക്കാനുള്ള ശക്തി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ വളർച്ച 7.8 ശതമാനമാണ്. ഇപ്പോൾ തെരുവ് കച്ചവടത്തിൽ, കാർ കച്ചവടത്തിൽ ഉൾപ്പെടെ വൈവിദ്ധ്യമുള്ള ഇടപാടുകളിൽ, വ്യത്യസ്ത തോതിൽ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം നാം ഉപയോഗിക്കുന്നു.
ചുരുങ്ങിയ ചെലവിൽ മൊബൈൽ ഡാറ്റ നൽകാനായതോടെ, ജനങ്ങളുടെ പരസ്പരമുള്ള ബന്ധത്തെ, ഓൺലൈൻ വിദ്യാഭ്യാസത്തെ ഉത്തേജിപ്പിക്കാനായി. പുതിയ പുതിയ അവസരങ്ങളിലേക്കും അത് വഴി തുറന്നു. ലോകത്തിന് താങ്ങാവുന്ന അഞ്ചു ജനറിക് മരുന്നുകളിൽ ഒരെണ്ണം ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. പ്രതിഭകളെ ആവശ്യമുള്ളപ്പോൾ, രാജ്യങ്ങൾ ഇന്ത്യയിലെ നൈപുണ്യമുള്ള യുവത്വത്തിൽ വിശ്വാസമർപ്പിക്കുന്നു. ലോകമെമ്പാടുമുള്ള കമ്പനികൾക്ക് സേവനം നൽകുന്ന 2,000ൽ അധികം 'ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ'ക്ക് ആതിഥേയത്വം വഹിക്കുന്നു.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. നൂറിലധികം ഭാഷകൾ, എൺപതിനായിരത്തോളം പത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ആയിരത്തിലധികം സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ ഇന്ത്യയിലുണ്ട്. അഞ്ചു കോടിയിലധികം യൂട്യൂബ് ഉപയോക്താക്കളും അത്രതന്നെ ഇൻസ്റ്റഗ്രാം ഉപയോക്താക്കളുമുണ്ട്. ആളുകൾ വിവിധ വിഷയങ്ങളെക്കുറിച്ച് തുറന്ന സംവാദം നടത്തുന്നു. ഈ സാഹചര്യം സാദ്ധ്യമാക്കുന്നതിൽ ഡിജിറ്റൽ ശക്തി വലിയൊരു പങ്ക് വഹിച്ചു. 2014ന് മുമ്പ് ഇന്ത്യയിൽ ഏതാനും നൂറുകണക്കിന് സ്റ്റാർട്ടപ്പേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാജ്യത്ത് 2,50,000ൽ അധികം സ്റ്റാർട്ടപ്പുകളുണ്ട്. 45 ശതമാനത്തിലധികം സ്റ്റാർട്ടപ്പുകളിലും ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |