
ന്യൂഡൽഹി: മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പോരാടുന്ന എല്ലാവരുമായും 'ഇന്ത്യ മുന്നണി'' സഹകരിക്കും. പ്രതിപക്ഷ പാർട്ടി നേതാക്കൾക്കായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ഇന്നലെ നടന്ന ചായ സത്കാരത്തിലാണ് തീരുമാനം. സമാന്തരമായ സമരങ്ങൾ ഒഴിവാക്കും. ഒറ്റക്കെട്ടായി സമരം ചെയ്യണമെന്ന അഭിപ്രായം എല്ലാവരും അംഗീകരിച്ചു. വിദ്യാർത്ഥി നേതാക്കളും ആക്‌ടിവിസ്റ്റുകളും ചായ സത്കാരത്തിനെത്തി.
ജന്തർ മന്ദർ സമരകേന്ദ്രമല്ലെന്ന ഡൽഹി പൊലീസിന്റെ നിലപാട് അംഗീകരിക്കില്ല. ഹൈദരാബാദിലെ ഇന്ദിരാ പാർക്കിനോട് ചേർന്നുള്ള 'ധർണ ചൗക്കിന്റെ' മാതൃകയിൽ ജന്തർ മന്ദറും തിരിച്ചുപിടിക്കും.
രാഷ്ട്രീയവും ജനകീയവുമായ ചെറുത്തുനിൽപ്പ് വിജയിക്കുമെന്ന് ചായസത്കാരത്തിനു ശേഷം രാഹുൽ പ്രതികരിച്ചു. വോട്ടുക്കൊള്ള നടത്തിയവരെ നിയമത്തിനു മുന്നിലെത്തിക്കും. പ്രധാന നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ബഹുമാനം മാത്രണ്. സുപ്രീംകോടതി അവരുടെ ഭാഗം ഭംഗിയായി ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ പറഞ്ഞു. അതേസമയം കോക്രോച്ച് ജനത പാർട്ടിയ്ക്കൊപ്പം (സി.ജെ.പി) സഹകരിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ചായ സത്കാരത്തിലേക്ക് അവരെ ക്ഷണിച്ചില്ലെന്നാണ് സൂചന.
പരസ്‌പരം കലഹിച്ച് ബി.ജെ.പിയുടെ കെണികളിൽ വീഴരുതെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചു. ഒരേ ലക്ഷ്യത്തിനായി പോരാടുന്നവർക്കിടയിൽ സംശയവും അവിശ്വാസവും സൃഷ്‌ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
എന്നാൽ തങ്ങളെ വഞ്ചിച്ച കോൺഗ്രസ് നയിക്കുന്ന സമരത്തിൽ പങ്കെടുക്കില്ലെന്ന് ഡി.എം.കെ വ്യക്തമാക്കി.
ജന്തർ മന്ദറിൽ പാറ്റകളെത്തി
ഇന്നലെ രാവിലെ ഒമ്പതോടെ സി.ജെ.പി നേതാക്കളും പ്രവർത്തകരും ജന്തർ മന്ദറിൽ മിന്നൽ സമരം നടത്തി. പാർലമെന്റ് സ്ട്രീറ്റിനു സമീപത്തെ ഊടുവഴിയിലൂടെ വന്ന സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ തുടങ്ങിയവർ ഗേറ്റ് ചാടിക്കടന്നാണെത്തിയത്. ജന്തർ മന്ദർ തിരിച്ചുപിടിച്ചുവെന്ന് സൗരവ് ദാസ് അവകാശപ്പെട്ടു. അതേസമയം ജന്തർ മന്ദർ ഡീനോട്ടിഫൈ ചെയ്‌തതിനെതിരെ സുപ്രീംകോടതിയിൽ ഹർജിയെത്തി. നാളെ പരിഗണിച്ചേക്കും. ഇന്നലെ കൊണാട്ട് പ്ലേസിൽ എൻ.എസ്.യു.ഐയും, ജൻപഥിൽ എ.ഐ.എസ്.എഫ്,എ.ഐ.വൈ.എഫ്, ദിശ പ്രവർത്തകരും പ്രതിഷേധിച്ചു. അവരെ കസ്റ്റഡിയിലെടുത്ത് നീക്കി. സുപ്രീംകോടതിയിലേക്കുള്ള 'ഇന്ത്യ' മുന്നണി മാർച്ചിൽ ഡൽഹി പൊലീസ് രണ്ട് കേസുകളെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |