
വിജയവാഡ: തമിഴ്നാട്ടിലേക്ക് കൃഷ്ണ നദിയിൽ നിന്ന് വെള്ളം നൽകാൻ ധാരണ. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും വിജയവാഡയിൽ നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയത്. തമിഴ്നാട് മന്ത്രി ആധവ് അർജുന, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വിഷ്ണു റെഡ്ഡി എന്നിവർ വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. ആന്ധ്ര ഐ.ടി മന്ത്രിയും നായിഡുവിന്റെ മകനുമായ നരാ ലോകേഷും പങ്കെടുത്തു. തെലുങ്കു ഗംഗാ പദ്ധതി പ്രകാരം തമിഴ്നാടിന് നൽകേണ്ട കൃഷ്ണ നദീജലത്തിന്റെ അളവിൽ കുറവുണ്ടായതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. 9 വരെയുള്ള കണക്കുകൾ പ്രകാരം, പ്രതിവർഷം അനുവദിച്ചിട്ടുള്ള 12 ടി.എം.സി വെള്ളത്തിൽ 2.251 ടി.എം.സി മാത്രമാണ് തമിഴ്നാടിന് ലഭിച്ചത്. നിലവിലെ ധാരണയനുസരിച്ച്, തമിഴ്നാട്ടിലെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ 8 ടി.എം.സിയും ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ 4 ടി.എം.സിയും വെള്ളം ആന്ധ്രാപ്രദേശ് നൽകേണ്ടതുണ്ട്.
കനകദുർഗയെ
ദർശിച്ച് വിജയ്
ഇന്നലെ വൈകിട്ട് വിജയ്, ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇന്ദ്രകീലാദ്രിയിലെ ശ്രീദുർഗ്ഗാ മല്ലേശ്വര സ്വാമി വർല ദേവസ്ഥാനം സന്ദർശിച്ചു. കനക ദുർഗാദേവിക്ക് പൂജകൾ കഴിപ്പിച്ചു. ക്ഷേത്ര പൂജാരിമാർ പൂർണകുംഭം നൽകി വിജയിയെ വരവേറ്റു. ക്ഷേത്ര അധികൃതരും ഉദ്യോഗസ്ഥരും വിജയ്‌ക്ക് ദേവിയുടെ ശേഷവസ്ത്രം, പ്രസാദം, ദേവിയുടെ ചിത്രം എന്നിവ സമ്മാനിച്ചു. രാത്രി വിജയവാഡ ഉത്സവ് വേദിയിൽ നടന്ന കലാപരിപാടികൾ കണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |