
ന്യൂഡൽഹി: അടുത്ത വർഷം മുതൽ നീറ്റ് പി.ജി, നീറ്ര് എസ്.എസ് (സൂപ്പർ സ്‌പെഷ്യാലിറ്റി) പ്രവേശനം റാങ്ക് അടിസ്ഥാനത്തിൽ നടത്തുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജൂലായിൽ രൂപീകരിച്ച 12 അംഗ വിദഗ്ദ്ധ സമിതിയുടെ ശുപാർശ നടപ്പാക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) തീരുമാനിച്ചതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിലവിൽ ശതമാനകം(പെർസെന്റൈൽ) അടിസ്ഥാനമാക്കിയാണ് പ്രവേശനം. രണ്ടുലക്ഷം പേർ പരീക്ഷയെഴുതിയാൽ,പ്രവേശനത്തിനുള്ള ശതമാനകം 50 ആയി തീരുമാനിക്കുകയും ഒരുലക്ഷം പേർ യോഗ്യരാകുകയും ചെയ്യും. പക്ഷെ, സീറ്രുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കട്ട് ഒഫ് വെട്ടിക്കുറച്ച് കുറഞ്ഞ റാങ്കുള്ളവർക്ക് പ്രവേശനം നൽകാറുണ്ട്. 2025-26 ൽ നെഗറ്റീവ് മാർക്ക് കിട്ടിയവർക്കു പോലും പ്രവേശനം ലഭിച്ചിരുന്നു. ഇത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നഷ്‌ടപ്പെടുത്തുന്നുവെന്ന ഹർജികളിലാണ് കേന്ദ്രം നിലപാടറിയിച്ചത്.
റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനമെങ്കിൽ സീറ്റുകളുടെ എണ്ണമാണ് കണക്കിലെടുക്കുന്നത്. ഫിക്‌സ്ഡ് മൾട്ടിപ്ലെയർ പ്രയോഗിക്കും. 70,000 സീറ്റുണ്ടെങ്കിൽ, ഫിക്‌സ്ഡ് മൾട്ടിപ്ലെയർ രണ്ടിരട്ടിയെന്ന് തീരുമാനിച്ചാൽ 140,000 പേർ യോഗ്യരാകും. അവരിൽ നിന്നാകും പ്രവേശനം. കാലിയായി കിടക്കുന്ന സീറ്റുകൾ നികത്താൻ കട്ട് ഒഫ് കുറയ്ക്കേണ്ട സാഹചര്യമുണ്ടാകില്ല. തീരെ കുറഞ്ഞ മാർക്കുള്ളവർക്ക് പ്രവേശനം സാദ്ധ്യമാകില്ല.
സർവീസ് ബോണ്ട്
വേണ്ടെന്നും ശുപാർശ
നോൺ ക്ലിനിക്കൽ പി.ജി കോഴ്സുകൾക്ക് ഫീസ് കുറയ്‌ക്കണമെന്ന് വിദഗ്ദ്ധസമിതി ശുപാർശ ചെയ്‌തിട്ടുണ്ട്.
പ്രീ ക്ലിനിക്ക്,പാരാക്ലിനിക്ക് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർ സർവീസ് ബോണ്ടിൽ ഒപ്പുവയ്‌ക്കണമെന്ന നിബന്ധന ഒഴിവാക്കണം.
സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ പൊതുആരോഗ്യ സംവിധാനത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്നത് നിർബന്ധമാക്കുന്നതാണ് സർവീസ് ബോണ്ട്. പി.ജി കോഴ്സുകളിൽ നിലവിൽ എത്ര സീറ്റുകളുണ്ടെന്ന് കൗൺസലിംഗ് ആരംഭിക്കുന്നതിനു മുൻപ് പരീക്ഷാനടത്തിപ്പ് ഏജൻസികൾ പരസ്യപ്പെടുത്തണമെന്നും ശുപാർശ ചെയ്‌തു. സുപ്രീംകോടതിക്കും വിദഗ്ദ്ധസമിതി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ശുപാർശകളുടെ അടിസ്ഥാനത്തിൽ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |