
ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സേവനം പൂർത്തിയാക്കുന്ന അഗ്നിവീറുകളിൽ സ്ഥിരസേനയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത 75 ശതമാനം പേർക്കും രണ്ടുവർഷം കൂടി സേവനത്തിന് അവസരം. ഇതോടെ ഇവരുടെ പരമാവധി സേവനകാലം ആറുവർഷമാകും. അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും.
2022ൽ ആരംഭിച്ച പദ്ധതിയിലെ ആദ്യ ബാച്ചിന്റെ സേവനകാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം. 18,300ലേറെ പേരാണ് ഡിസംബർ 31നകം പുറത്തുപോകേണ്ടിയിരുന്നത്.
സേനകളുടെ ശുപാർശ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയാണ് അംഗീകരിച്ചത് . പ്രതിരോധ മേധാവി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയാണ് ഡൽഹിയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
നിലവിലെ വ്യവസ്ഥപ്രകാരം ഓരോ ബാച്ചിലെയും 25 ശതമാനം പേരെ മെരിറ്റിന്റെയും സേനയുടെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ സ്ഥിരസേനയിൽ ഉൾപ്പെടുത്തുന്നുണ്ട്. ശേഷിക്കുന്നവർ നാലുവർഷത്തിനുശേഷം മടങ്ങണം. ആദ്യ നാലുവർഷത്തെ അഗ്നിവീറുകളുടെ പ്രകടനം ആശാവഹമെന്ന് ബോധ്യമായതോടെയാണ് വ്യവസ്ഥയിൽ മാറ്റം വരുത്തിയതെന്ന് പ്രതിരോധ മേധാവി വ്യക്തമാക്കി.
അധിക രണ്ടുവർഷത്തെ സേവനത്തിന് നിലവിലേതിനേക്കാൾ ഉയർന്ന പ്രതിഫലം ലഭിക്കും. തുടർന്നുള്ള സ്ഥിരനിയമനം വസ്തുനിഷ്ഠമായ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും.
റിക്രൂട്ട്‌മെന്റിലും മാറ്റമുണ്ട്. ശാരീരികക്ഷമതാ പരീക്ഷയ്ക്കു മുമ്പ് എഴുത്തുപരീക്ഷ നടത്തും. സേവനകാലത്ത് നേടിയ നൈപുണ്യങ്ങൾ രേഖപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകളും അഗ്നിവീറുകൾക്ക് നൽകും.
നാവികസേനയിൽ നവംബർ 21നും വ്യോമസേനയിൽ ഡിസംബർ 21നും കരസേനയിൽ ഡിസംബർ 31നുമാണ് ആദ്യ ബാച്ചിന്റെ നാലുവർഷം പൂർത്തിയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |