
ന്യൂഡൽഹി: റഷ്യൻ മന്ത്രിയുടേതായി ഇറങ്ങിയ വ്യാജ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച സംഭവത്തിൽ സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ ഉള്ളടക്കം പ്രചരിപ്പിച്ച് പൊതുസമാധാനത്തിന് ഭംഗം വരുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ, റഷ്യൻ എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങളിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് വിമർശനം ഉന്നയിക്കുന്നതായുള്ള വീഡിയോയാണ് പ്രശാന്ത് പങ്കുവച്ചത്. 'ഇന്ത്യൻ വിദേശനയത്തിനെതിരായ റഷ്യയുടെ ശക്തമായ മറുപടി" എന്ന് പ്രശാന്ത് കുറിക്കുകയും ചെയ്തിരുന്നു.
പിന്നാലെ ഇത് കൃത്രിമ വീഡിയോയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. റഷ്യൻ എംബസി വീഡിയോയുടെ ആധികാരികത നിഷേധിക്കുകയും ചെയ്തു. വ്യാജ ഇലക്ട്രോണിക് രേഖകൾ ചമയ്ക്കൽ, പൊതുസമൂഹത്തിൽ ഭിന്നതയും കുറ്റകൃത്യങ്ങൾക്കുള്ള പ്രേരണയും സൃഷ്ടിക്കാവുന്ന വിവരങ്ങൾ പ്രചരിപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ യഥാർത്ഥമെന്ന നിലയിൽ ഉപയോഗിക്കൽ എന്നിവയാണ് ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. തെളിയിക്കപ്പെട്ടാൽ വിവിധ വകുപ്പുകൾ പ്രകാരം തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം. വീഡിയോയുടെ ഉറവിടവും പ്രചാരണവഴികളും പൊലീസ് പരിശോധിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |